15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ്

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഫ്രഞ്ച് പാർലമെന്റ് നിർണായക ബിൽ പാസാക്കി. ഇതോടെ കുട്ടികൾക്ക് തടസ്സങ്ങളില്ലാതെ സോഷ്യൽ മീഡിയ ആക്സസ് ചെയ്യുന്നത് തടയുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറി.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണങ്ങളിൽ ഒന്നായാണ് ഈ നിയമനിർമ്മാണത്തെ കണക്കാക്കുന്നത്. വരാനിരിക്കുന്ന സെപ്റ്റംബറോടെ നിയമം പൂർണ്ണമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെനറ്റിന്റെ അംഗീകാരത്തിന് ശേഷം ഫ്രഞ്ച് നാഷണൽ അസംബ്ലി 81-നെതിരെ 279 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. സെപ്റ്റംബർ 1 മുതൽ 15 വയസ്സിൽ താഴെയുള്ളവർക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കാൻ കഴിയില്ല. നിലവിലുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾക്ക് സമയം അനുവദിക്കും.

കുട്ടികളെയും കൗമാരക്കാരെയും ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ യൂറോപ്പിന് തന്നെ ഫ്രാൻസ് മാതൃകയാവുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കുകയുണ്ടായി. നിയമം ഭരണഘടനാ കൗൺസിലിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും പൂർണ്ണമായി പ്രാബല്യത്തിൽ വരിക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.