
ജോലിചെയ്യുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായും നല്ല ബന്ധം സ്ഥാപിക്കുന്നതും സ്ഥാപനത്തിലെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോകുന്നതും കരിയറിലെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. ആത്മാർഥതയില്ലാത്ത പ്രവർത്തനങ്ങൾക്ക് പകരം, നിങ്ങളിലുള്ള വിശ്വാസ്യത വളർത്താനും എല്ലാവരോടും നല്ല രീതിയിൽ പെരുമാറേണ്ടതും അത്യന്താപേക്ഷിതമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ച് ആത്മാർഥതയോടെ പ്രവർത്തിച്ച് മികച്ച ബന്ധങ്ങളിലൂടെ കരിയറിലും വളർച്ചനേടാം.
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കുക
നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്ന് ആദ്യം തന്നെ വ്യക്തമായി മനസ്സിലാക്കുക. അവിടെ ആർക്കൊക്കെയാണ് അധികാരമുള്ളതെന്നും കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും തിരിച്ചറിയേണ്ടതുണ്ട്. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ ജോലിയെ ക്രമീകരിക്കുക.
മികച്ച പ്രവർത്തനത്തിലൂടെ വിശ്വാസ്യത നേടുക
ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രീതി നേടാനുള്ള ഏറ്റവും മികച്ച വഴി ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുക എന്നതാണ്. ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കാനും മികച്ച നിലവാരം പുലർത്താനും ശ്രദ്ധിക്കുക. തന്നിരിക്കുന്ന ചുമതലകൾ കൃത്യമായി പൂർത്തിയാക്കുന്ന ജീവനക്കാരെ നേതൃത്വം എപ്പോഴും അഭിനന്ദിക്കുകയും ഓർത്തുവയ്ക്കുകയും ചെയ്യും.
വ്യക്തമായി ആശയവിനിമയം നടത്തുക
നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കൃത്യമായും വ്യക്തമായും മറ്റുള്ളവരോട് പറയാൻ ശീലിക്കുക. മീറ്റിങ്ങുകളിൽ സംസാരിക്കുമ്പോൾ കാര്യം വ്യക്തമായി പറയുകയും അതിന് തക്കതായ കാരണങ്ങളോ വിവരങ്ങളോ നൽകുകയും ചെയ്യുക. മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുന്നതിൽ നിന്നും മാറി നിൽക്കുന്നത് നിങ്ങളുടെ വ്യക്തിത്വം ഉയർത്താൻ സഹായിക്കും. സഹപ്രവർത്തകർ പറഞ്ഞു തരുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ചെവികൊള്ളാനുള്ള മനസ്സ് കാണിക്കുന്നത് കരിയറിലെ ഉയർച്ചയ്ക്കും മറ്റുള്ളവരുമായുള്ള മികച്ച ബന്ധത്തിനും നല്ലതാണ്.
നല്ലൊരു വഴികാട്ടിയെ കണ്ടെത്തുക
നിങ്ങൾക്ക് കൃത്യമായ ഉപദേശങ്ങൾ നൽകാനും കഴിവുകൾ തിരിച്ചറിഞ്ഞ് ഉയർന്ന സ്ഥാനങ്ങളിലേക്ക് നിങ്ങളെ നിർദേശിക്കാനും കഴിവുള്ള ഒരു മുതിർന്ന വ്യക്തിയെ കണ്ടെത്തുക. അവരുടെ അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ പഠിക്കുന്നത് കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
വൈകാരിക നിയന്ത്രണവും വിവേകവും
മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും അവരോട് ബഹുമാനത്തോടെ പെരുമാറാനും സാധിക്കണം. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുകയും സ്വാർഥ താല്പര്യങ്ങൾക്ക് പകരം കൂട്ടായ വിജയത്തിന് പ്രാധാന്യം നൽകുകയും ചെയ്യുക.
സത്യസന്ധത കൈവിടാതിരിക്കുക
കരിയറിൽ വളരാൻ ശ്രമിക്കുമ്പോഴും സ്വന്തം ആത്മാർഥതയും സത്യസന്ധതയും എപ്പോഴും കാത്തുസൂക്ഷിക്കണം. കുറുക്കുവഴികളിലൂടെയോ മറ്റുള്ളവരെ താഴ്ത്തിക്കെട്ടിയോ വളരാൻ ശ്രമിക്കാതെ, പരസ്പര ബഹുമാനത്തോടെയുള്ള നല്ല ബന്ധങ്ങൾ മാത്രം കെട്ടിപ്പടുക്കുക.
തൊഴിലിടങ്ങളിൽ നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് തുടർച്ചയായ പരിശ്രമത്തിലൂടെ നേടേണ്ട ഒന്നാണ്. മേലധികാരികളോടും സഹപ്രവർത്തകരോടും സത്യസന്ധത പുലർത്തുകയും കൃത്യമായി ജോലി ചെയ്യുകയും ചെയ്താൽ ഏത് സ്ഥാപനത്തിലും നിങ്ങൾക്കൊരു ഉറച്ച സ്ഥാനം സ്വന്തമാക്കാൻ സാധിക്കും.



