ഒക്ടോബറിൽ മാത്രം ഇറാനിൽ വധശിക്ഷയ്ക്കു വിധേയരായത് 77 പേരെന്ന് മനുഷ്യവകാശ സംഘടന

പുതിയ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം ഇറാനിൽ വധശിക്ഷയ്ക്ക് ഇരയായത് കുറഞ്ഞത് 77 പേരാണ്. ഈ വർഷം, ഇതുവരെ മാത്രം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 691 ൽ എത്തിനിൽക്കുന്നു. അധികാരത്തിന്റെ കൽപിത നിയമങ്ങളെ ചോദ്യം ചെയ്തുവെന്ന ഒറ്റക്കാരണത്താൽ തെരുവിലിറങ്ങിയവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ ഏറെയും എന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യമാണ്.

തങ്ങളുടെ മക്കൾക്കും വരുംതലമുറകൾക്കും മെച്ചപ്പെട്ടൊരു നാളെ സമ്മാനിക്കാൻ ആഗ്രഹിച്ച സാധാരണക്കാരായ യുവാക്കൾ, സമരച്ചൂടിൽ ജീവൻ പൊലിഞ്ഞവർ, ഒടുവിൽ ഭരണകൂടത്തിന്റെ ക്രൂരമായ കയറിലമരേണ്ടി വന്നവർ അങ്ങനെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ മാത്രം 36 പ്രതിഷേധക്കാരാണ് ഈ വർഷം ഇതിനോടകം വധശിക്ഷയ്ക്കു വിധേയരായത്.

“ഇസ്ലാമിക റിപ്പബ്ലിക് വധശിക്ഷ ഉപയോഗിക്കുന്നത് വിയോജിപ്പുകളെ നിശ്ശബ്ദമാക്കാൻ മാത്രമല്ല, സ്വന്തം സുരക്ഷാസേനയുടെ അതിക്രമങ്ങൾ മൂടിവയ്ക്കാൻ കൂടിയാണ്” എന്ന് ‘ഇറാൻ ഹ്യൂമൻ റൈറ്റ്സ്’ ഡയറക്ടർ മഹമൂദ് അമിരി-മൊഗദ്ദാം  പറയുന്നു. ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന വ്യാജ വിചാരണകളും, ബലപ്രയോഗത്തിലൂടെ നേടിയെടുക്കുന്ന കുറ്റസമ്മതങ്ങളുമാണ് നടക്കുന്നത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചതിന്, നീതിക്കു വേണ്ടി ശബ്ദമുയർത്തിയതിന് അമീർഹൊസൈൻ മലേക്കിയും അമീർഹൊസൈൻ ഇബ്രാഹിമിയും പോലുള്ള ചെറുപ്പക്കാർ ഒടുവിൽ തൂക്കുമരത്തിലേക്കു നടന്നുപോകുമ്പോൾ, അത് ഒരു രാജ്യത്തിന്റെ മാത്രം പരാജയമല്ല; മനുഷ്യരാശിയുടെ തന്നെ മനഃസാക്ഷിയുടെ തോൽവിയാണ്.

ഓരോ മനുഷ്യന്റെയും ജീവൻ അമൂല്യമാണ്. ഒരു ഭരണകൂടത്തിനും ആയുസ്സുകൾ ഇങ്ങനെ വെട്ടിപ്പിടിക്കാൻ അവകാശമില്ല. കണ്ണീരിലും ഭയത്തിലും മുങ്ങിനിൽക്കുന്ന ഇറാനിലെ ആ ജനതയ്ക്കായി, ജീവന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ആ മനുഷ്യർക്കായി നമുക്കും നമ്മുടെ പ്രാർഥനകൾ കരുതാം. കാരണം, ലോകത്തിന്റെ ഏത് കോണിൽ പൊലിയുന്ന ജീവനും നമ്മുടെ കൂടി നഷ്ടമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.