
ജനങ്ങളുടെ സ്വാതന്ത്ര്യവും അന്തസ്സും കവരുന്ന ഭരണകൂടങ്ങൾക്ക് പിന്നിൽ സ്വന്തം അഭിലാഷങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ‘ദരിദ്രവും അജ്ഞത നിറഞ്ഞതുമായ’ മനസ്സുകളാണെന്ന് മനാഗ്വ (നിക്കരാഗ്വ) സഹായ മെത്രാൻ സിൽവിയോ ബാബേസ് പ്രസ്താവിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച ഫ്ലോറിഡയിലെ മിയാമിയിലുള്ള സാന്റാ അഗത പാരീസിൽ അർപ്പിച്ച വിശുദ്ധ കുർബാനയുടെ പ്രസംഗത്തിലാണ് ബിഷപ്പ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റോസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ 2019-ൽ നിക്കരാഗ്വ വിടാൻ നിർബന്ധിതനായ ബിഷപ്പ് ബാബേസ്, മനസ്സിന്റെ കാഠിന്യം മനുഷ്യന്റെ ദാരിദ്ര്യത്തെ വെളിപ്പെടുത്തുന്നുവെന്നും, അത് മിക്കപ്പോഴും ഉണങ്ങാത്ത മുറിവുകളെ ഒളിപ്പിച്ചു വെക്കുന്നുവെന്നും പറഞ്ഞു. നാടുകടത്തപ്പെട്ട് ജീവിക്കുന്ന നാല് നിക്കരാഗ്വൻ ബിഷപ്പുമാരിൽ ഒരാളായ അദ്ദേഹം, ഇത്തരം ഭരണകൂടങ്ങളെ നയിക്കുന്നവർ തങ്ങളുടെ ആശയങ്ങളിലും അധികാര പദ്ധതികളിലും തടവിലാക്കപ്പെട്ട് യാഥാർഥ്യങ്ങളെ അവഗണിച്ച് ഒരു സമാന്തര ലോകത്താണ് ജീവിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.
“ഒഴിവാക്കൽ ചിന്താഗതിയുള്ള മതവിശ്വാസവും, നന്മയില്ലാത്ത ധാർമ്മികതയും, വിവേകമില്ലാത്ത ചിന്താഗതിയും നിഷ്ഫലവും ക്രൂരവുമാണ്. മറ്റുള്ളവർ വ്യത്യസ്തമായി ചിന്തിക്കുന്നവരാണെങ്കിൽ പോലും അവരെ കേൾക്കാൻ നമ്മൾ പഠിക്കണം, ഒപ്പം വേദനകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ യാഥാർഥ്യങ്ങളിലേക്ക് എപ്പോഴും മനസ്സ് തുറന്നു ജീവിക്കണം,” ബിഷപ്പ് ബാബേസ് മുന്നറിയിപ്പ് നൽകി.




