സീറോ മലബാര്‍ കൈത്താക്കാലം ആറാം ബുധൻ ആഗസ്റ്റ് 19 യോഹ. 21: 1-12 ഭാരമുണ്ടായിട്ടും വല കീറിയില്ല

രാത്രി മുഴുവന്‍ പരിശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല (21: 5-6) എന്ന് തുറന്നുപറയുന്ന ഒരാളുടെ വിഷമം വലുതായിരിക്കും. സ്വന്തം പരിമിതികളുടെയും നിസ്സാരതകളുടെയും ഏറ്റുപറച്ചിലാണിത്; തന്റെ കഴിവ് കൊണ്ട് സാധിച്ചില്ല എന്ന കീഴടങ്ങലാണ്. ദൈവത്തിന്റെ സഹായത്തോടെയുള്ള മീന്‍പിടിത്തത്തിന്റെ – വിജയത്തിന്റെ – തുടക്കം ഇവിടെ നിന്നാണ്. “ശിമയോന്‍പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍ കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ 153 മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.” നമ്മുടെ ചിന്തകള്‍ക്കും ഭാവനകള്‍ക്കുമപ്പുറമാണ് ദൈവത്തിന്റെ പ്രവര്‍ത്തനമെന്ന് നമ്മള്‍ മനസ്സിലാക്കണം.

നമ്മുടെ പരാജയങ്ങളിലും വീഴ്ചകളിലും നമ്മൾ ഒരിക്കലും നിരാശപ്പെടരുത് എന്ന വലിയൊരു സന്ദേശം ഇതിലുണ്ട്. പരാജയങ്ങളും പരിമിതികളുമായി യേശുവിന്റെ മുമ്പില്‍ നില്‍ക്കാനും അവനോട് അതെല്ലാം ഏറ്റുപറയാനും സാധിക്കണം. അപ്പോഴാണ് പുതിയ വഴികൾ നമുക്കു മുന്നിൽ തുറന്നുവരുന്നത്. കാരണം, നമ്മുടെ ‘അഹം’ ചിന്തകൾ അവസാനിക്കുന്നിടത്താണ് ദൈവത്തിന്റെ സാധ്യതകള്‍ ആരംഭിക്കുന്നത് എന്നത് നമ്മൾ വിസ്മരിക്കരുത്. അപ്പോഴേ, വിജയം സംഭവിക്കൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.