സീറോ മലങ്കര ആഗസ്റ്റ് 19 മർക്കോ. 5: 35-43 പ്രത്യാശയും വിശ്വാസവും

പന്ത്രണ്ടു വയസ്സുള്ള ബാലികയെ യേശു മരണത്തിൽ നിന്നും ഉയിർപ്പിക്കുന്നതാണ് ഇന്നത്തെ വിചിന്തനഭാഗം. മരണാസന്നയായ തന്റെ മകളെ രക്ഷിക്കണമെന്ന സിനഗോഗ് അധികാരിയുടെ അഭ്യർഥനപ്രകാരം യേശു അവനോടൊപ്പം പോകുന്നു. എന്നാൽ പോകുംവഴി ആ മകൾ മരിച്ചു എന്ന വാർത്തയുമായി സേവകന്മാർ വരുന്നു. യേശു സിനഗോഗ് അധികാരിയോട് പറയുന്നു: “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക.” ഈ സിനഗോഗ് അധികാരിക്ക് യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ഈ അത്ഭുതം പ്രവർത്തിക്കുന്നതിലേക്ക് യേശുവിനെ നയിക്കുന്നത്. മരണപ്പെട്ട തന്റെ മകളുടെ മൃതശരീരത്തിനുമുമ്പിൽ നിൽക്കുമ്പോൾപോലും യേശുവിലുള്ള വിശ്വാസത്തിനും പ്രത്യാശയ്ക്കും ഒരു കുറവും സംഭവിക്കുന്നില്ല.

പ്രിയമുള്ളവരേ, ഈ സിനഗോഗ് അധികാരിയുടെ യേശുവിലുള്ള വിശ്വാസവും പ്രത്യാശയും നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കേണ്ട ഒന്നാണ്. നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇരുണ്ട അധ്യായങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ, സർവവും തകർന്ന് പ്രത്യാശയറ്റുനിൽക്കുമ്പോൾ ഈ സിനഗോഗ് അധികാരിയെപ്പോലെ യേശുവിൽ പ്രത്യാശവയ്ക്കാനും വിശ്വസിക്കാനും നമുക്ക് സാധിക്കാറുണ്ടോ? പ്രത്യേകിച്ച്, കൊറോണ പോലുള്ള മഹാമാരിയുടെ മുമ്പിൽ ഇനി എന്ത്, എങ്ങനെ എന്നുള്ള ചോദ്യങ്ങളുമായി നിൽക്കുമ്പോൾ ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക എന്നുള്ള ക്രിസ്തുവചനത്തിൽ മുറുകെപ്പിടിക്കാൻ സാധിക്കുന്നുണ്ടോ?

ഈ വചനത്തിൽ ആ സിനഗോഗ് അധികാരി വിശ്വാസം മുറുകെപ്പിടിച്ചതിന്റെ ഫലമായിട്ടാണ് മരണത്തിൽ നിന്നും ആ ബാലിക ജീവനിലേക്ക് തിരികെനടക്കുന്നത്. ഏതു ഭയാനകരമായ ജീവിതാവസ്ഥയിൽ നിന്നും ഒരു വാക്കുകൊണ്ട് നമ്മെ രക്ഷിക്കാൻ യേശുവിനു സാധിക്കുമെന്ന അടിയുറച്ച വിശ്വാസവും പ്രത്യാശയും നമുക്കുണ്ടാകണം. ഒരു വേദനകളുടെ മുൻപിലും പ്രത്യാശ നഷ്ടപ്പെട്ടുപോകേണ്ട ഒരു ജനസമൂഹമല്ല നാം. മരിച്ചവരെ ഉയിർപ്പിച്ച് സ്വയം മരണത്തെ ജയിച്ച യേശുവാണ് നമ്മുടെ പ്രത്യാശ. അവനിലുള്ള പ്രത്യാശയിലും വിശ്വാസത്തിലും നമുക്ക് ഉറപ്പിച്ചുനിൽക്കാം, വളരാം.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.