
അമേരിക്കയെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെ, ആക്രമണത്തിലെ ആദ്യ ഔദ്യോഗിക ഇരയായി (‘വിക്ടിം 0001’) രേഖപ്പെടുത്തപ്പെട്ട ഫ്രാൻസിസ്കൻ വൈദികനും ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റ് (FDNY) ചാപ്ലൈനുമായിരുന്ന ഫാദർ മൈക്കൽ ജഡ്ജിന്റെ ഓർമ്മകളും ജീവകാരുണ്യ പാരമ്പര്യവും പങ്കുവയ്‌ക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.
ദുരന്തമുഖത്തും ധീരത കൈവിടാഞ്ഞ വൈദികൻ
2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന് നേരെ ഭീകരാക്രമണമുണ്ടായപ്പോൾ, രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റവർക്കും ആത്മീയ സഹായവും അവസാന ആശീർവാദവും (Last Rites) നൽകുന്നതിനായി ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു ഫാദർ മൈക്കൽ ജഡ്ജ്. ഭയന്നുവിറച്ച് പുറത്തേക്കോടുന്ന മനുഷ്യർക്കിടയിലൂടെ, രക്ഷാപ്രവർത്തനത്തിനായി ഉള്ളിലേക്ക് ഓടിക്കയറുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് ധൈര്യവും പ്രാർഥനയും പകരാൻ അദ്ദേഹം ടവറിന്റെ ലോബിയിലേക്ക് കുതിച്ചെത്തി. പരിക്കേറ്റവർക്ക് അവസാന ആശീർവാദം (Last Rites) നൽകുന്നതിനിടെ, തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ പതിച്ചായിരുന്നു ആ വിശുദ്ധ ജീവിതത്തിന്റെ അന്ത്യം.
ദുരന്തഭൂമിയിൽ നിന്ന് അഞ്ചു രക്ഷാപ്രവർത്തകർ ചേർന്ന് ഫാദർ മൈക്കൽ ജഡ്ജിന്റെ മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന ചിത്രം 9/11 ദുരന്തത്തിന്റെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന അടയാളമായി മാറി. ക്രിസ്തുവിന്റെ മൃതദേഹം മടിയിൽ കിടത്തിയിരിക്കുന്ന മാതാവിന്റെ രൂപത്തെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം ലോകമാധ്യമങ്ങളിൽ ‘അമേരിക്കൻ പിയത്ത’ എന്ന പേരിലാണ് അറിയപ്പെട്ടത്.
തെരുവുകളുടെ സുവിശേഷകൻ
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട ‘ഫാദർ മൈക്ക്’ ആയിരുന്ന അദ്ദേഹം, ന്യൂയോർക്കിലെ തെരുവുകളിൽ അലയുന്ന ഭവനരഹിതർക്കും, എയ്ഡ്സ് രോഗികൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആശ്വാസകേന്ദ്രമായിരുന്നു. മുന്നിൽ നിൽക്കുന്ന വ്യക്തി ആരായാലും അവരുടെ കണ്ണുകളിലേക്ക് നോക്കി പൂർണ്ണഹൃദയത്തോടെ കേൾക്കാനുള്ള അപൂർവ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.
“ദൈവമേ, അവിടുന്ന് എന്നെ എവിടേക്ക് അയക്കാൻ ആഗ്രഹിക്കുന്നുവോ അവിടെ എന്നെ എത്തിക്കണമേ, അവിടുന്ന് എന്നെക്കൊണ്ട് എന്താണോ പറയാൻ ആഗ്രഹിക്കുന്നത് അത് എന്നിലൂടെ പറയിക്കണമേ…” – ഇതായിരുന്നു അദ്ദേഹത്തിന്റെ ദൈനംദിന പ്രാർത്ഥന. ആ പ്രാർഥന അക്ഷരാർഥത്തിൽ അന്വർഥമാക്കിക്കൊണ്ട്, സ്നേഹത്തിന്റെയും അറ്റമില്ലാത്ത സമർപ്പണത്തിന്റെയും നിത്യസ്മാരകമായി ഫാദർ മൈക്കൽ ജഡ്ജ് ഓർമ്മകളിൽ ജീവിക്കുന്നു.




