
അഫ്ഗാനിസ്ഥാനിൽ അഞ്ച് വയസ്സിന് താഴെയുള്ള 37 ലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണെന്ന് യുണിസെഫിന്റെ (UNICEF) പുതിയ റിപ്പോർട്ട്. രാജ്യത്ത് വർധിച്ചുവരുന്ന ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും ഏറ്റവും ദുർബലരായ കുഞ്ഞുങ്ങളുടെ ജീവന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘വളരെ കുറവ്, വളരെ വൈകി: അഫ്ഗാനിസ്ഥാനിലെ ചെറിയ കുട്ടികൾ നേരിടുന്ന ഭക്ഷണ പ്രതിസന്ധി’ എന്ന റിപ്പോർട്ടിലാണ് ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്. പട്ടിണി ഏറ്റവും കഠിനമാകുന്ന മാസങ്ങൾ എത്തുന്നതിന് മുൻപ് തന്നെ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി ലോകരാജ്യങ്ങളുടെ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധം, സാമ്പത്തിക തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം അഫ്ഗാനിസ്ഥാൻ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അന്താരാഷ്ട്ര സഹായങ്ങളിൽ വൻ കുറവുണ്ടായി. ഇത് രാജ്യത്തെ ദാരിദ്ര്യം വർധിക്കുന്നതിനും തകർന്നുകിടക്കുന്ന ആരോഗ്യ-സാമൂഹിക സേവന മേഖലകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതിനും കാരണമായി. ഇതോടൊപ്പം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏർപ്പെടുത്തിയ വിദ്യാഭ്യാസ-തൊഴിൽ നിയന്ത്രണങ്ങൾ സാധാരണ കുടുംബങ്ങളുടെ അതിജീവനത്തെയും കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്.
കുട്ടികളിലെ പോഷകാഹാരക്കുറവ്: ആശങ്കപ്പെടുത്തുന്ന കണക്കുകൾ
ആദ്യമായാണ് അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലെയും കുട്ടികളിലെ പോഷകാഹാരക്കുറവും അവരുടെ കുടുംബങ്ങളിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും യുണിസെഫ് ഒന്നിച്ച് വിലയിരുത്തുന്നത്. സാധാരണയായി അഫ്ഗാനിസ്ഥാനിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പോഷകാഹാരക്കുറവ് അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെ തന്നെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
രാജ്യത്തെ 34 പ്രവിശ്യകളിൽ 26 എണ്ണത്തിലും പോഷകാഹാരക്കുറവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻതോതിൽ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഈ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളിൽ 83 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്.
സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുൻപ് തന്നെ അടിയന്തര ധനസഹായം ലഭ്യമാക്കാൻ ലോകരാജ്യങ്ങളോടും ദാതാക്കളോടും യുണിസെഫ് അഭ്യർഥിച്ചു. പ്രത്യേകിച്ച് ആറ് മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികൾക്കായി ആരംഭിച്ച ‘ഫസ്റ്റ് ഫുഡ്‌സ്’ (First Foods) പദ്ധതിക്ക് കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും യുണിസെഫ് ഓർമ്മിപ്പിച്ചു. അപകടകരമായ ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വൈകിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.




