
അന്താരാഷ്ട്ര വിഷയങ്ങളിലും യുദ്ധങ്ങളിലും മാർപാപ്പ നടത്തുന്ന ഇടപെടലുകൾ ഒരു രാഷ്ട്രീയനേതാവിന്റെ നിലപാടല്ലെന്നും, മറിച്ച് ആഗോളസഭയുടെ ആത്മീയ ഇടയൻ എന്ന നിലയിലുള്ളതാണെന്നും വെളിപ്പെടുത്തി വത്തിക്കാൻ. വത്തിക്കാൻ മാധ്യമവിഭാഗം എഡിറ്റോറിയൽ ഡയറക്ടർ ആൻഡ്രിയ ടൊർണിയേലി എഴുതിയ ‘മാർപാപ്പ എപ്പോഴും സംസാരിക്കുന്നത് ഒരു ഇടയനെപ്പോലെയാണ്’ എന്ന ലേഖനത്തിലാണ് വത്തിക്കാൻ, ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ‘വത്തിക്കാൻ സിറ്റിയുടെ പരമാധികാരി’ എന്ന പദവിയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച യുഎസ് സ്ഥാനപതി ബ്രയാൻ ബർച്ചിന്റെ പ്രസ്താവനയ്ക്കുള്ള കൃത്യമായ മറുപടിയായാണ് ഈ എഡിറ്റോറിയൽ വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ യുഎസ് ഇടപെടലുകളെയും യുദ്ധത്തെയും വിമർശിച്ച മാർപാപ്പയുടെ നിലപാട് ആത്മീയനേതാവ് എന്ന നിലയിലുള്ളതല്ലെന്നും, വത്തിക്കാൻ നഗരത്തിന്റെ ഭരണത്തലവൻ എന്ന നിലയിലുള്ള വെറുമൊരു രാഷ്ട്രീയപ്രസ്താവന മാത്രമാണെന്നും യുഎസ് സ്ഥാനപതി ബ്രയാൻ ബർച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ടൊർണിയേലി രംഗത്തെത്തിയത്.
മാർപാപ്പയ്ക്ക് വത്തിക്കാൻ നഗരത്തിന്റെ ഭരണത്തലവൻ എന്ന പദവി നൽകിയിരിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയസ്വാധീനത്തിനല്ല, മറിച്ച് ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ഇടയൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പൂർണ്ണമായ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണെന്ന് വത്തിക്കാൻ ഓർമ്മിപ്പിച്ചു. മാർപാപ്പയുടെ രാഷ്ട്രത്തലവൻ എന്ന പദവിയെ മഹത്വവൽക്കരിക്കാനോ, അതിശയോക്തിപരമായി അവതരിപ്പിക്കാനോ ശ്രമിക്കുന്നത് തെറ്റിധാരണാജനകമാണെന്നും അത് അദ്ദേഹത്തിന്റെ യഥാർഥ ദൗത്യമായ ‘ആഗോള ഇടയൻ’ എന്ന പദവിയുടെ പ്രാധാന്യം കുറയ്ക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
യുദ്ധം, സമാധാനം, കുടിയേറ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ സമകാലിക വിഷയങ്ങളിൽ പത്രോസിന്റെ പിൻഗാമി സംസാരിക്കുമ്പോൾ അദ്ദേഹം സുവിശേഷമൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. യുദ്ധങ്ങൾക്കെതിരെയും ആയുധപ്പന്തയത്തിനെതിരെയും മാർപാപ്പ ശബ്ദമുയർത്തുമ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുകയല്ല, മറിച്ച് മനുഷ്യത്വവും ദൈവവചനവും ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. നയതന്ത്രപ്രതിനിധികൾ വത്തിക്കാൻ സിറ്റി എന്ന ചെറിയ ഭൂപ്രദേശത്തിന്റെ ഭരണകൂടത്തിലേക്കല്ല, മറിച്ച് പരിശുദ്ധ സിംഹാസനത്തിലേക്കാണ് നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയും വത്തിക്കാൻ യുഎസ് സ്ഥാനപതിയെ ഓർമ്മിപ്പിച്ചു.




