ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ നിന്നും അതിജീവനത്തിന്റെ കരുത്തുമായി അലീന!

തുർക്കിയെ പിടിച്ചു കുലുക്കിയ ഇരട്ട ഭൂകമ്പം സംഭവിച്ചത് 2023 ഫെബ്രുവരി മാസം ആയിരുന്നു. ഒരുപാട് മനുഷ്യരുടെ ജീവനും പ്രതീക്ഷകളും സമ്പത്തും കവർന്ന ആ ഭൂകമ്പം നടന്ന് ഏകദേശം 248 മണിക്കൂറുകൾക്കു ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷാ പ്രവർത്തകർ ഒരു പെൺകുട്ടിയെ രക്ഷിക്കുന്നു! അവളെ രക്ഷപെടുത്തുമ്പോൾ ലോകം മുഴുവൻ ഒരു അദ്ഭുതത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. അന്ന് ആ ദുരന്തത്തിൽ സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട അലീന ഓൽമസ് എന്ന പെൺകുട്ടി വീണ്ടും ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്. ദുരന്തത്തിന്റെ മുറിവുകളെ അതിജീവിച്ച് യൂണിവേഴ്‌സിറ്റി ബിരുദം നേടുമ്പോൾ ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറുകയാണ് അലീന.

​അങ്കാറ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അയാസ് വൊക്കേഷണൽ കോളേജിലെ സോഷ്യൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് ഈ 20 – കാരി തന്റെ ഡിപ്ലോമ സ്വീകരിച്ചത്. തലസ്ഥാന നഗരിയിൽ നടന്ന ബിരുദദാന ചടങ്ങിൽ തന്നെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്ത ഖനിത്തൊഴിലാളികളും തുടർചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരും അലീനയ്ക്ക് പിന്തുണയുമായി പങ്കെടുത്തിരുന്നു.

​കഹ്‌റാമൻമാരാഷ് പ്രവിശ്യയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ തകർന്നുവീണ അറ്റബേ അപ്പാർട്ട്‌മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 248 മണിക്കൂറാണ് (ഏകദേശം 10 ദിവസത്തിലേറെ) അലീന കുടുങ്ങിക്കിടന്നത്. ഈ ഭീകര ദുരന്തത്തിൽ അലീനയ്ക്ക് തന്റെ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. കെട്ടിടം തകർന്നുവീണ സമയത്ത് ചുരുണ്ടുകൂടി കിടന്നതാണ് അലീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് മെഡിക്കൽ വിദഗ്ധർ വിലയിരുത്തിയിരുന്നു. ഇടുപ്പെല്ലിന് ഏറ്റ പരിക്ക് മാറ്റിനിർത്തിയാൽ അദ്ഭുതകരമെന്നോണം മറ്റ് ഗുരുതര പരിക്കുകളൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. ​ആശുപത്രിയിലെ നീണ്ട ചികിത്സയ്ക്ക് ശേഷം കഠിനമായി പരിശ്രമിച്ച് നാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ എഴുതിയാണ് അലീന അങ്കാറ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയത്.

​”ഞാൻ ബിരുദം നേടുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ ഉമ്മയായിരുന്നു. ഇന്ന് ഉമ്മ കൂടെയില്ലാത്തതിൽ എനിക്ക് വലിയ സങ്കടമുണ്ട്. എങ്കിലും അവർക്ക് വേണ്ടിയാണ് ഞാൻ ഇത്രയും കഠിനാധ്വാനം ചെയ്തതെന്ന ഓർമ്മയിൽ എനിക്ക് അഭിമാനവുമുണ്ട്”- ​ബിരുദം സ്വീകരിച്ച ശേഷം അലീന വികാരാധീനയായി പറഞ്ഞു.

​തുടർന്ന് ബാച്ചിലർ ബിരുദം നേടണമെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥയായി അങ്കാറയിൽ തന്നെ തുടരണമെന്നുമാണ് അലീനയുടെ ആഗ്രഹം. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഫോണിൽ വിളിച്ച് അലീനയെ അഭിനന്ദനം അറിയിച്ചു. ​2023 – ലെ തുർക്കി ഭൂകമ്പത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായ അലീനയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും വരുംതലമുറകൾക്ക് എന്നും വലിയൊരു പ്രചോദനമായിരിക്കുമെന്ന് അങ്കാറ യൂണിവേഴ്സിറ്റി റെക്ടർ പ്രൊഫ. ഡോ. നെക്ദെത് ഉനുവാർ പറഞ്ഞു.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.