
ലോകത്തിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച വാർത്താ കേന്ദ്രങ്ങളിലൊന്നായ വത്തിക്കാനിൽ നിന്നും റോമിൽ നിന്നും നീണ്ട അൻപതിലധികം വർഷങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്ത പ്രശസ്ത ബി.ബി.സി ലേഖകൻ ഡേവിഡ് വില്ലി (93) അന്തരിച്ചു. ഇറ്റലിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അഞ്ച് മാർപാപ്പമാരുടെ കാലഘട്ടത്തിനും വത്തിക്കാന്റെ ചരിത്രപരമായ മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച അദ്ദേഹം വത്തിക്കാൻ വാർത്തകളുടെയും ഇറ്റാലിയൻ രാഷ്ട്രീയത്തിന്റെയും വിശ്വസ്ത ശബ്ദമായിരുന്നു. മാധ്യമപ്രവർത്തന രംഗത്ത് അപൂർവമായി മാത്രം കാണാറുള്ള ദീർഘവും സവിശേഷവുമായ അനുഭവസമ്പത്താണ് ഡേവിഡ് വില്ലിക്ക് ഉണ്ടായിരുന്നത്.
ഒരു വിദ്യാർഥിയായിരിക്കെ പയസ് പന്ത്രണ്ടാമൻ മാർപാപ്പയെ വത്തിക്കാനിലെ പരമ്പരാഗത പല്ലക്കായ ‘സെദിയ ജെസ്റ്ററ്റോറിയ’യിൽ എഴുന്നള്ളിക്കുന്നത് നേരിൽ കണ്ടിട്ടുള്ള വ്യക്തിയാണ്. അക്കാലത്തെ രാജകീയ പ്രൗഢിയുള്ള വത്തിക്കാൻ ആചാരങ്ങൾക്കും അദ്ദേഹം സാക്ഷിയായി.
രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള സഭയുടെ ആധുനികവൽക്കരണം, മാർപാപ്പമാരുടെ വിദേശ സന്ദർശനങ്ങൾ, സഭ നേരിട്ട വലിയ വെല്ലുവിളികൾ എന്നിവയെല്ലാം അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു. ഇപ്പോഴത്തെ ലെയോ പതിനാലാമൻ പാപ്പയെയും അദ്ദേഹം നേരിട്ട് സന്ദർശിച്ചിരുന്നു. ’വത്തിക്കാന്റെ നിഗൂഢമായ ഇടനാഴികളിലെ വാർത്തകളെ ലളിതമായും നിഷ്പക്ഷമായും ലോകത്തിന് മുന്നിലെത്തിച്ച വില്ലിയുടെ വിയോഗം മാധ്യമ ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്’ സഹപ്രവർത്തകർ അനുസ്മരിച്ചു.




