താലിബാൻ ഭരണത്തിനു കീഴിൽ വലഞ്ഞ്‌ അഫ്ഗാൻ ക്രൈസ്തവർ

താലിബാൻ, അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയിട്ട് ഒരു വർഷം പിന്നിടുകയാണ്. ക്രൂരവും ഭീകരവുമായ താലിബാൻ ഭരണത്തിനു കീഴിൽ ഒരു വർഷമായി അഫ്ഗാൻ ക്രൈസ്തവർ യാതനകൾ അനുഭവിക്കുന്നു. താലിബാന്റെ ഭരണം നിർബന്ധിത കുടിയേറ്റത്തിലേക്ക് ക്രൈസ്തവരെ നയിക്കുകയാണ് എന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ വെളിപ്പെടുത്തുന്നു.

കർശനമായ ഇസ്ലാമികനിയമം താലിബാൻ സ്ഥാപനവൽക്കരിച്ചു. അത് മതപരമായ വൈവിധ്യം ഇല്ലാതാക്കി എന്ന് ഐസിസി വ്യക്തമാക്കുന്നു. എല്ലാ അഫ്ഗാൻ ക്രിസ്ത്യാനികളും ഇസ്ലാമിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അവർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുന്നു. കാരണം ഇസ്ലാമിൽ നിന്ന് അകന്നുപോകുന്നത് ശരി-അത്ത് നിയമപ്രകാരം ശിക്ഷാർഹമാണ്. പല ക്രിസ്ത്യാനികളും ഇസ്ലാമിൽ നിന്നു മാറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇവർ പലപ്പോഴും താലിബാന്റെ പീഡനം ഭയന്ന് ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണ്. അതിനാൽ തന്നെ മാനുഷികമായ സഹായങ്ങൾ അവർക്ക് ലഭിക്കുന്നില്ല.

താലിബാൻ ഭരണകൂടത്തിൻകീഴിൽ അനുഭവിക്കുന്ന യാതനകളിൽ നിന്നും രക്ഷപെടാൻ വേണ്ടി പാക്കിസ്ഥാൻ, ഇറാൻ, തുർക്കി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോകുന്ന അഫ്ഗാൻ ക്രൈസ്തവരുമുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തേക്കുള്ള കുടിയേറ്റം പോലും അഫ്ഗാൻ ക്രൈസ്തവരെ മതപരമായ വിവേചനത്തിൽ നിന്നും അക്രമത്തിൽ നിന്നും സംരക്ഷിക്കുന്നില്ലെന്ന് ഐസിസി ചൂണ്ടിക്കാണിക്കുന്നു. അവർ അഫ്ഗാനിസ്ഥാനിൽ തുടരുകയോ, മറ്റെവിടെയെങ്കിലും കുടിയേറുകയോ ചെയ്താലും അഫ്ഗാൻ ക്രിസ്ത്യാനികൾക്ക് മറ്റ് അഫ്ഗാനികളുടേതുപോലെ അതേ ശേഷിയിലും അതേ ചാനലുകളിലൂടെയും മാനുഷികസഹായം തേടാൻ കഴിയില്ല. അതിനാൽ അവർക്കായി ഒരു സംവിധാനം കണ്ടെത്തേണ്ടത് ആവശ്യമാണ് – ഐസിസി വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.