സൊമാലിയയിൽ പട്ടിണിയനുഭവിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നു: സേവ് ദി ചിൽഡ്രൻ

സൊമാലിയയുടെ തെക്കുഭാഗത്ത് പട്ടിണിയിൽനിന്ന് രക്ഷനേടാനായി എത്തുന്ന കുട്ടികളുടെ എണ്ണം അഞ്ചിരട്ടിയായതായി സേവ് ദി ചിൽഡ്രൻ സംഘടനയുടെ സോമാലിയ ഘടകം അറിയിച്ചു. സൊമാലിയയിൽ കാലാവസ്ഥാപ്രതിസന്ധി മൂലം കുടിയിറങ്ങേണ്ടിവന്ന ആയിരക്കണക്കിന് കുടുംബങ്ങളിൽ പട്ടിണിമൂലമുള്ള ദുരിതങ്ങൾ തുടരുമ്പോൾ, രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ബൈഡോവയിൽ ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങളിൽ കടുത്ത പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ ചികിത്സ തേടിയെത്തുന്ന കുട്ടികൾ അഞ്ചിരട്ടിയായെന്ന് ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു.

രാജ്യത്തെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ നഗരത്തിലെ 90,000 കുട്ടികളിൽ നടത്തിയ സർവേയിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം പോഷകാഹാരക്കുറവിന്റെ നിരക്ക് 2011-ലേതിന് തുല്യമാണ്. രണ്ടായിരത്തിപതിനൊന്ന് പന്ത്രണ്ട് വർഷങ്ങളിലെ ക്ഷാമകാലത്ത് മാത്രം ഏതാണ്ട് രണ്ടുലക്ഷത്തി അറുപതിനായിരം ആളുകളാണ് മരണമടഞ്ഞത്. ഇവരിൽ പകുതിയും കുട്ടികളായിരുന്നു.

ഇപ്പോഴത്തെ കാലാവസ്ഥാ പ്രതിസന്ധി മൂലം വീടുകൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരായ ആറ് ലക്ഷത്തിലധികം ആളുകൾ നഗരത്തിന് ചുറ്റുമുള്ള 500 ക്യാമ്പുകളിലാണ് താമസിക്കുന്നത്. പലയിടങ്ങളിലും ചികിത്സയ്ക്കെത്തിക്കാൻ വൈകിയതുമൂലം നിരവധി കുട്ടികൾ മരണമടഞ്ഞു. ജലദൗർബല്യം മൂലവും കനത്ത വരൾച്ചമൂലവും ഈ പ്രദേശങ്ങളിൽ വിളനാശമുണ്ടാവുകയും കാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ ചാവുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സോമാലിയയിലെ ഒന്നരക്കോടിയോളം ജനങ്ങളിൽ പകുതിയും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. ഇവരിൽ മൂന്ന് ലക്ഷത്തോളം ആളുകൾ ഡിസംബറോടെ കടുത്ത പട്ടിണിയിലാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കടുത്ത വരൾച്ച നേരിടുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ ഡിസംബറിൽ മുപ്പത്തിരണ്ട് ലക്ഷമായിരുന്നെങ്കിൽ ഇത്തവണ അത് എഴുപത്തിയെട്ട് ലക്ഷമാണ്.

കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള വിവിധ പരിപാടികളുമായി 1951 മുതൽ സോമാലിയയിലും സൊമാലിലാൻഡിലും പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന കഴിഞ്ഞ വർഷം 17 ലക്ഷം കുട്ടികൾ ഉൾപ്പെടെ 30 ലക്ഷത്തിലധികം ആളുകളിലേക്ക് സഹായമെത്തിച്ചിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.