
ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഭിന്നശേഷി നേരിടുന്നവർക്കായി പാലാ മാനത്തൂരിൽ നിർമ്മിച്ച ‘സംപ്രിയ’ ഭവനത്തിന്റെ വെഞ്ചരിപ്പും പൊതുസമ്മേളനവും ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ നടന്നു.
ഇന്ന്, 2026 നവംബർ 19 വ്യാഴാഴ്ച, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടന്ന കൃതജ്ഞതാബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഭവനത്തിന്റെ വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ‘സംപ്രിയ ആൻഡ് സമ്പ്രീതി ഏഞ്ചൽസ്’ അവതരിപ്പിച്ച പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. എബ്രഹാം കൊച്ചുപുരയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വികാർ പ്രൊവിൻഷ്യലും സോഷ്യൽ അപ്പോസ്തലേറ്റ് ആൻഡ് എഡ്യൂക്കേഷൻ കൗൺസിലറുമായ ഫാ. റ്റിജോ മുണ്ടുനടക്കൽ സ്വാഗതം ആശംസിച്ചു.
കല്യാൺ രൂപത മുൻ അധ്യക്ഷൻ മാർ തോമസ് ഇലവനാൽ അനുഗ്രഹപ്രഭാഷണവും, എം.സി.ബി.എസ്. സഭയുടെ സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പായിക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ സംപ്രിയ ഡയറക്ടർ ഫാ. സാന്റോ മാങ്കിലോട്ട് കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു.
കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം റവ. ഫാ. റോയ് വടക്കേൽ, കോഴിക്കോട് സീയോൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു തെക്കേമുറിയിൽ, എറണാകുളം പരംപ്രസാദ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സൈമൺ ചിറമേൽ, മാനത്തൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു വെട്ടുകല്ലേൽ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വാർഡ് മെമ്പർ റിജോ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫാ. ഫ്രാൻസിസ് ഇടക്കുടിയിൽ കൃതജ്ഞത രേഖപ്പെടുത്തി.
മൂന്നു വർഷം മുൻപ് വാഴക്കുളം – വടകോട് കേന്ദ്രീകരിച്ച് ആരംഭിച്ച സംപ്രിയ ഭവനത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന എമ്മാവൂസ് പ്രൊവിൻസിന്റെ ആഗ്രഹവും പ്രാർത്ഥനയുമാണ് മാനത്തൂരിൽ സഫലമായത്. ബുദ്ധിപരമായ ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് സ്നേഹവും കരുതലും സുരക്ഷിതമായ ജീവിതസാഹചര്യവും തുടർപരിശീലനങ്ങളും സൗജന്യമായി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്.
ഭിന്നശേഷിക്കാരായ നിരവധി സഹോദരങ്ങൾക്ക് ജാതിമതഭേദമെന്യേ വർഷങ്ങളായി സ്നേഹശുശ്രൂഷ നൽകുന്ന സമാനമായ ഭവനങ്ങൾ കോട്ടയം കുടമാളൂരിലും മഹാരാഷ്ട്രയിലും ആഫ്രിക്കയിലെ ടാൻസാനിയയിലും എം.സി.ബി.എസ്. വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
പ്രൊവിൻഷ്യൽ കൗൺസിലർമാരായ ഫാ. തോമസ് പുല്ലാട്ട്, ഫാ. എബ്രഹാം വെട്ടിയോലി, ഫാ. ജോർജി കാട്ടൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.




