
1947 ആഗസ്റ്റ് 29 നാണ് ഭരണഘടനാ നിർമ്മാണ സമിതി, ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്. ഡോ ബി ആർ അംബേദ്കർ ഉൾപ്പെടെ ഏഴുപേർ ചേർന്നതായിരുന്നു കമ്മിറ്റി. എ കൃഷ്ണസ്വാമി അയ്യർ, എൻ ഗോപാലസ്വാമി, കെ എം മുൻഷി, മുഹമ്മദ് സാദുള്ള, ബി എൽ മിത്തർ, ഡി പി ഖെയ്തൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. കോൺസ്റ്റിറ്റ്യൂഷണൽ അഡൈ്വസർ ബി എൻ റാവു തയ്യാറാക്കിയ ഭരണഘടനയുടെ കരട് പരിശോധിക്കുക, ആവശ്യമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ച് ഭരണഘടനാ നിർമ്മാണ സമിതിക്കു മുമ്പേ സമർപ്പിക്കുക എന്നിവയായിരുന്നു കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങൾ. ആഗസ്റ്റ് 30 നു ചേർന്ന ആദ്യയോഗം ബി ആർ അംബേദ്കറെ കമ്മിറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. 1948 ഫെബ്രുവരി ഒന്നിന് ഭരണഘടനയുടെ പരിഷ്കരിച്ച കരടുരൂപം ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടനാ നിർമ്മാണസമിതി പ്രസിഡന്റ് മുമ്പാകെ സമർപ്പിച്ചു.
1949 ആഗസ്റ്റ് 29 നാണ് സോവിയറ്റ് യൂണിയൻ ആദ്യ അണുപരീക്ഷണം നടത്തിയത്. ആർഡിഎസ് 1 എന്ന കോഡ് പേരിലായിരുന്നു പരീക്ഷണം. ഇന്ന് ഖസാക്കിസ്ഥാൻ എന്നറിയപ്പെടുന്ന സ്ഥലത്തു വച്ചായിരുന്നു പരീക്ഷണം. അഞ്ചുവർഷത്തിനുള്ളിൽ അണുവായുധങ്ങൾ വികസിപ്പിക്കണമെന്ന സോവിയറ്റ് യൂണിയൻ ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ നിർദേശപ്രകാരമാണ് അണുബോംബ് നിർമ്മിച്ചത്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിനെത്തുടർന്നായിരുന്നു സ്റ്റാലിന്റെ നിർദേശം. ഇഗോർ കുർച്ചാതോവിന്റെ നേതൃത്വത്തിലായിരുന്നു അണുവായുധ നിർമ്മാണം. അദ്ദേഹമാണ് സോവിയറ്റ് ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
1997 ആഗസ്റ്റ് 29 നാണ് പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ളിക്സ് സ്ഥാപിതമായത്. റീഡ് ഹാസ്റ്റിംഗ്സ്, മാർക് റാൻഡോൾഫ് എന്നീ അമേരിക്കൻ സംരഭകരാണ് കമ്പനി സ്ഥാപിച്ചത്. കാലിഫോർണിയയിലെ ലോസ് ഗാതോസിലാണ് നെറ്റ്ഫ്ളിക്സിന്റെ ഹെഡ്ക്വാർട്ടേഴ്സ്. വീഡിയോകൾ വാടകയ്ക്കു കൊടുക്കുന്ന കമ്പനിയായാണ് നെറ്റ്ഫ്ളിക്സ് ആരംഭിച്ചത്. 1999 ലാണ് ഇന്റർനെറ്റിലൂടെയുള്ള ഓൺലൈൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ആദ്യകാലത്ത് നെറ്റ്ഫ്ളിക്സിന്റെ വെബ്സൈറ്റിൽ നിന്ന് തെരഞ്ഞെടുക്കുന്ന സിനിമയുടെ ഡിവിഡികൾ അവരുടെ അഡ്രസിലേക്ക്, തിരിച്ചയയ്ക്കാനുള്ള കവർ ഉൾപ്പെടെ അയച്ചുകൊടുക്കുകയായിരുന്നു. 2007 ലാണ് നെറ്റ്ഫ്ളിക്സ് ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചത്.
സുനീഷ വി എഫ്




