
ചൈനയിലെ ഷാങ്ഹായിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കത്തോലിക്കാ പള്ളികളിൽ ഉൾപ്പെടെ ബൈബിൾ വിതരണത്തിനും വിൽപനയ്ക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ചൈനീസ് സർക്കാരിന്റെ മതപരമായ കാര്യങ്ങൾക്ക് മേലുള്ള നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രമേ ഇനിമുതൽ ബൈബിളുകൾ ലഭ്യമാകൂ എന്ന പുതിയ നിർദേശം പ്രാദേശിക ക്രൈസ്തവ സമൂഹത്തിനിടയിൽ കടുത്ത ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി ഓൺലൈൻ വഴി ബൈബിളുകൾ വിൽക്കുന്നത് ചൈനയിൽ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രാദേശിക ദൈവാലയങ്ങളിൽ നേരിട്ട് നടത്തുന്ന വിതരണത്തിലും സർക്കാർ നിരീക്ഷണവും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. അതിനാൽ വിശ്വാസികൾക്ക് ആവശ്യത്തിന് ബൈബിളുകൾ ലഭ്യമാകാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
മതാധിഷ്ഠിത ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും പ്രചാരണവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾക്ക് അനുസൃതമാക്കുന്ന ‘സിനിസൈസേഷൻ’ (Sinicization) പ്രക്രിയയുടെ ഭാഗമായാണ് ഈ നീക്കമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത ലംഘനമാണിതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ക്രൈസ്തവ നേതാക്കളും മുന്നറിയിപ്പ് നൽകുന്നു. ചൈനയിലെ കത്തോലിക്കാ സഭയും വത്തിക്കാനും തമ്മിലുള്ള ബിഷപ്പ് നിയമന കരാറുകൾ നിലനിൽക്കെ തന്നെ, രാജ്യത്തിനുള്ളിലെ മതസ്വാതന്ത്ര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണെന്നാണ് ഈ പുതിയ സംഭവം വ്യക്തമാക്കുന്നത്.




