
ആഗസ്റ്റ് മൂന്നിന് വ്യാഴാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ ഇറ്റലിയിലെ രണ്ട് സെമിനാരികളിൽ നിന്നുള്ള വൈദികാർഥികളുടെ സംഘത്തെ സ്വീകരിച്ച ലെയോ പതിനാലാമൻ മാർപാപ്പ, അവർ “ദിവസേന പറയുന്നതും തുടരുന്നതുമായ ‘അതെ’ എന്ന സമ്മതത്തിന്” തിരുസഭയുടെ നാമത്തിൽ നന്ദി അറിയിച്ചു. മൊൾഫെറ്റയിലെ പയസ് പതിനൊന്നാമൻ പൊന്തിഫിക്കൽ റീജിയണൽ സെമിനാരി, അവേർസയിലെ ഇന്റർഡയോസിസൻ സെമിനാരി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധിസംഘങ്ങൾക്കു നൽകിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
രണ്ട് സമൂഹങ്ങളും ഈ വർഷം പ്രധാനപ്പെട്ട വാർഷികങ്ങൾ ആഘോഷിക്കുകയാണ്. മൊൾഫെറ്റയിൽ, സെമിനാരിക്ക് പേര് നൽകിയ പയസ് പതിനൊന്നാമൻ മാർപാപ്പയുടെ നിർദേശപ്രകാരം നിർമ്മിച്ച പുതിയ ആസ്ഥാനത്തിന്റെ ശതാബ്ദിയും അവേർസയിൽ, നിലവിലെ ആസ്ഥാനം പ്രവർത്തനം ആരംഭിച്ചതിന്റെ മൂന്നൂറാം വാർഷികവുമാണ് ആഘോഷിക്കുന്നത്.
ചടങ്ങിൽ പങ്കെടുത്ത കുടുംബങ്ങൾക്കും മാർപാപ്പ നന്ദി രേഖപ്പെടുത്തി. “അനുയോജ്യമായ ഒരു പശ്ചാത്തലമില്ലാതെ ഒരു ദൈവവിളി ഒരിക്കലും രൂപപ്പെടില്ല. പ്രാർഥിക്കുന്നവരും കുട്ടികളെ സ്വതന്ത്രരാക്കാൻ മടിക്കാത്തവരുമായ മാതാപിതാക്കളും ഒരു വീടും അതിന് പലപ്പോഴും ആവശ്യമാണ്. പ്രിയപ്പെട്ട കുടുംബങ്ങളേ, നിങ്ങളോടും മുഴുവൻ സഭയോടുമുള്ള എന്റെ നന്ദി ഞാൻ അറിയിക്കുന്നു,” പാപ്പ പറഞ്ഞു.
ഓരോ വിളിയും ദൈവത്തിന്റെ സ്വാതന്ത്ര്യത്തിൽ നിന്നാണ് ഉടലെടുക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. “ഇവിടെ മത്സരങ്ങളോ, റാങ്കിംഗോ ഇല്ല. അവിടുന്ന് ഏറ്റവും മികച്ചവരെ തെരഞ്ഞെടുത്തു എന്ന് എവിടെയും എഴുതിവച്ചിട്ടുമില്ല. അവിടുന്ന് ആഗ്രഹിച്ചവരെ തെരഞ്ഞെടുത്തു. വ്യക്തിപരമായ നേട്ടങ്ങളെ മാത്രം ആഘോഷിക്കുന്ന ഇന്നത്തെ ലോകത്ത്, നിങ്ങളോ, ഞങ്ങളോ ആരും സ്വന്തം യോഗ്യത കൊണ്ടല്ല ഇവിടെയെത്തിയതെന്നും, മറിച്ച് പിതാവായ ദൈവത്തിന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കൊണ്ടു മാത്രമാണെന്നും ഓർക്കുന്നത് പ്രധാനമാണ്. നമ്മെ എപ്പോഴും മുന്നോട്ടുനയിക്കുന്നതും ഒരിക്കലും നിരാശപ്പെടുത്താത്തതുമായ സൗജന്യസ്നേഹത്തിന്റെ അടയാളവും ഉറപ്പുമാണത്,” പാപ്പ കൂട്ടിച്ചേർത്തു.
ഓരോ വിളിയും നിശ്ശബ്ദതയിലും പ്രാർഥനയിലും വളർത്തിയെടുക്കുന്ന ദൈവവുമായുള്ള വ്യക്തിപരമായ സംഭാഷണത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. ഈ അർഥത്തിൽ, പരിശീലനകേന്ദ്രമെന്ന നിലയിൽ സെമിനാരികളുടെ പ്രാധാന്യത്തെ പാപ്പ പിന്തുണച്ചു.




