
ദൈവവുമായി ചേർന്ന് നിൽക്കുന്ന അനുഭവം നൽകുന്ന ആശ്രമം. ഈ ഒരു തലമുറയ്ക്ക് മാത്രമല്ല ഇനി വരുന്ന തലമുറകൾക്കും ദൈവത്തിന്റെ സാന്നിധ്യം പകരാനും ശാന്തതയിലും സ്വർഗീയ അനുഭൂതിയിലും ആയിരിക്കാനും കഴിയുന്ന ഒരിടം. അത്തരത്തിലൊരു ആശ്രമമാണ് പെൻസിൽവാനിയയിലെ ഫെയർഫീൽഡിലുള്ള മനോഹരമായ കുന്നിൻപ്രദേശത്ത് ഉയർന്നുവരുന്ന ‘ജീസസ്, മേരി ആന്റ് ജോസഫ്’ മോണാസ്ട്രി. നിലവിൽ പണികൾ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുന്ന ഈ ആശ്രമത്തിന്റെ നിർമ്മാണം പോലും വ്യത്യസ്തമായ രീതിയിൽ ആണ്.
കർശനമായ ഏകാന്തതയും പ്രാർഥനാജീവിതവും നയിക്കുന്ന (Enclosed Contemplative Order) സന്യാസിനികളാണ് ഈ സമൂഹത്തിലുള്ളത്. അതിനാൽ തന്നെ തങ്ങളുടെ പ്രാർഥനാനുഭവത്തിനു കൂടുതൽ കരുത്തു പകരുന്ന, ശാന്തത പകരുന്ന നിർമ്മാണ രീതികൾക്ക് ആണ് അവർ മുൻതൂക്കം നൽകിയത്. ആധുനിക നിർമ്മാണ സാമഗ്രികൾക്കു പകരം പരമ്പരാഗത കല്ലുകൾ ഉപയോഗിച്ച് ദീർഘ കാലം നിലനിൽക്കുന്ന ആശ്രമത്തിനു രൂപം നൽകുകയാണ് കർമലീത്താ സന്യാസിനിമാർ. സ്റ്റീലോ ആധുനിക കോൺക്രീറ്റ് ഘടനകളോ ഒഴിവാക്കി, റോമൻ തനിമയിലുള്ള കല്ലുകളും ചാന്തും (Mortar) മാത്രം ഉപയോഗിച്ചാണ് ഭിത്തികളുടെ നിർമ്മാണം. വരുംതലമുറകൾക്ക് കൂടി തടസ്സമില്ലാതെ പ്രാർഥനയിലും ധ്യാനത്തിലും മുഴുകാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്യാസിനികൾ ഈ ശൈലി തിരഞ്ഞെടുത്തത്.
മധ്യകാലഘട്ടത്തിലെ യൂറോപ്യൻ കത്തീഡ്രലുകളും ആശ്രമങ്ങളും നിർമ്മിച്ച അതേ റോമനെസ്ക് (Romanesque) ശൈലിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നശിച്ചുപോകാൻ സാധ്യതയുള്ളതിനാൽ, നൂറ്റാണ്ടുകൾ അതിജീവിക്കുന്ന കരിങ്കല്ലുകളാണ് ഏറ്റവും അനുയോജ്യമെന്ന് നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
2018-ൽ ആണ് ഈ ആശ്രമത്തിന്റെ പണികൾ ആരംഭിച്ചത്. ഇപ്പോൾ അത് ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. നിർമ്മാണത്തിന് ആവശ്യമായ തുക പൂർണ്ണമായും വിശ്വാസികളുടെയും ശുഭകാംക്ഷികളുടെയും സംഭാവനകളിൽ നിന്നാണ് സമാഹരിക്കുന്നത്. കല്ലുകൾ ഒന്നൊന്നായി ചെത്തിയൊരുക്കി വിദഗ്ദ്ധ തൊഴിലാളികൾ നടത്തുന്ന നിർമ്മാണം, കേവലം ഒരു കെട്ടിട നിർമ്മാണത്തിനപ്പുറം ദൈവത്തോടുള്ള സമർപ്പണവും വിശ്വാസത്തിന്റെ സജീവ സാക്ഷ്യവുമാണെന്ന് ആശ്രമ അധികൃതർ വ്യക്തമാക്കുന്നു.




