“ദൈവമുണ്ട്, ക്രിസ്തുവാണ് നാഥൻ”: പ്രശസ്ത നിരീശ്വരവാദി ജോ സ്മിഡ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

“സന്തോഷവാർത്ത. ദൈവമുണ്ട്; ക്രിസ്തുവാണ് നാഥൻ. അവിടുന്ന് കത്തോലിക്കാ സഭ സ്ഥാപിച്ചു.” ഓഗസ്റ്റ് 21-ന് തന്റെ ‘മെജസ്റ്റി ഓഫ് റീസൺ’ (Majesty of Reason) എന്ന യൂട്യൂബ് ചാനലിലൂടെ ജോ സ്മിഡ് കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു. ഓരോ മാനസാന്തരവും ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. എങ്കിലും സ്മിഡിന്റെ ഈ തീരുമാനം അദ്ദേഹത്തിന്റെ ചാനലിലെ 55,000-ത്തോളം വരുന്ന ഫോളോവേഴ്സിന് തീർത്തും അപ്രതീക്ഷിതമായിരുന്നു.

വർഷങ്ങളായി, തത്വചിന്താപരമായ വിവിധ വിഷയങ്ങളും പ്രകൃതിവാദ മുഖങ്ങളും തത്വങ്ങളും ചർച്ച ചെയ്യാനാണ് സ്മിഡ് തന്റെ യൂട്യൂബ് ചാനൽ ഉപയോഗിച്ചിരുന്നത്. ആ സമയമത്രയും സ്മിഡ് സ്വയം ഒരു അജ്ഞേയവാദി (Agnostic) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

കത്തോലിക്കാ പശ്ചാത്തലത്തിൽ വളർന്ന സ്മിഡ്, ഹൈസ്‌കൂൾ പഠനകാലത്താണ് താൻ നിരീശ്വരവാദത്തിലേക്കും പിന്നീട് അജ്ഞേയവാദത്തിലേക്കും ആകൃഷ്ടനായതെന്ന് ഇ.ഡബ്ല്യു.ടി.എൻ (EWTN) ന്യൂസിനോട് പറഞ്ഞു. തത്ത്വചിന്താപരമായും ദൈവശാസ്ത്രപരമായും ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘പരിണാമപ്രക്രിയയിലെ മൃഗങ്ങളുടെ കഷ്ടപ്പാടുകൾ’ എന്ന വിഷയമാണ് തന്നെ ആദ്യം നിരീശ്വരവാദത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

ജോഷ്വ റാസ്മുസെൻ, അലക്സാണ്ടർ പ്രൂസ് തുടങ്ങിയ തത്ത്വചിന്തകരുടെ ചിന്തകളാണ് ദൈവത്തിന്റെ നിലനിൽപ്പിന് അനുകൂലമായ ‘കോൺടിൻജൻസി വാദങ്ങൾ’ (contingency arguments) പരിഗണിക്കാൻ സ്മിഡിനെ പ്രേരിപ്പിച്ചത്. എങ്കിലും, അദ്ദേഹത്തിന്റെ കഠിനമായ ഈ മാനസന്തര പ്രക്രിയ പൂർത്തിയാകാൻ ഒരു പതിറ്റാണ്ട് വേണ്ടിവന്നു.

2020 ഏപ്രിലിലാണ് സ്മിഡ് തന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. “എന്റെ വീഡിയോകൾ പ്രധാനമായും മതതത്ത്വചിന്തയിലും, രണ്ടാം ഘട്ടമായി മെറ്റാഫിസിക്സ്, മെറ്റാഎത്തിക്സ്, എപ്പിസ്റ്റമോളജി തുടങ്ങിയ തത്ത്വചിന്തയിലെ മറ്റ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ദൈവത്തിന്റെ നിലനിൽപ്പിന് അനുകൂലമായ വാദങ്ങളെ വിമർശിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്,” അദ്ദേഹം പറഞ്ഞു.

അതിനായി പണ്ഡിതന്മാരുമായുള്ള അഭിമുഖങ്ങളും സംവാദങ്ങളും, ദീർഘമായ പ്രഭാഷണങ്ങൾ, മറ്റ് യൂട്യൂബ് കോണ്ടന്റുകൾക്ക് (പ്രത്യേകിച്ച് ക്രൈസ്തവ, കത്തോലിക്കാ) മറുപടി നൽകുന്ന എപ്പിസോഡുകൾ എന്നിവ അദ്ദേഹം നിർമ്മിച്ചു. എന്നിരുന്നാലും, സമീപ ആഴ്ചകളിൽ ആ വീഡിയോകളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. യേശു ഉയിർത്തെഴുന്നേറ്റോ എന്നതിനെക്കുറിച്ചുള്ള സംവാദങ്ങളും സസ്യാഹാരശീലത്തിന് (veganism) വേണ്ടിയുള്ള വാദങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹത്തിന്റെ ഉള്ളടക്കം.

എന്നാൽ ഓഗസ്റ്റ് 21-ന്, അരമണിക്കൂർ ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ കത്തോലിക്കാ സഭയിലേക്കുള്ള തന്റെ മാനസന്തരം സ്മിഡ് വെളിപ്പെടുത്തി. അതിനുശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ, ‘ദൈവത്തിന് അനുകൂലമായി എക്കാലത്തെയും മികച്ച സമഗ്ര വാദം’, ‘കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള മികച്ച എതിർപ്പുകൾക്കുള്ള മറുപടികൾ’ തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ വീഡിയോകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രിൻസ്റ്റൺ സർവകലാശാലയിൽ തത്ത്വചിന്തയിൽ പി.എച്ച്.ഡി നാലാം വർഷ വിദ്യാർഥിയായ സ്മിഡ്, വിശ്വാസത്തിലേക്കുള്ള തന്റെ മടങ്ങിവരവ് ‘എന്റെ സ്വന്തം പ്രയത്നം കൊണ്ടല്ല’ എന്ന് വെളിപ്പെടുത്തി.

“മാനസന്തരം എന്നത് ദൈവകൃപയുടെ ദാനമാണ്, അത് എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ്, ആത്യന്തികമായി ദൈവം തന്നെയാണ് എന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചത് എന്ന് ഞാൻ പറയുന്നത്,” അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, ഒട്ടനവധി ഘടകങ്ങളുടെ ഒത്തുചേരലാണ് ബുദ്ധിപരമായ തലത്തിൽ കത്തോലിക്കാ വിശ്വാസത്തിന്റെ സത്യസന്ധത തന്നെ ബോധ്യപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

കത്തോലിക്കാ ഉപദേശങ്ങളെ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നതിനായി ദൈവം പ്രവർത്തിച്ച ‘തെളിയിക്കപ്പെട്ട അദ്ഭുതങ്ങൾ’ (probative miracles) ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ച പ്രധാന കാരണങ്ങളിലൊന്ന്. പാദ്രെ പിയോയുടെ പഞ്ചക്ഷതങ്ങൾ, ലൂർദിലെ സൗഖ്യ അദ്ഭുതങ്ങൾ, ഫാത്തിമയിലെ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ, ദിവ്യകാരുണ്യ അദ്ഭുതങ്ങൾ തുടങ്ങിയവ അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

“കത്തോലിക്കാ സഭയ്‌ക്കെതിരെ എനിക്കുണ്ടായിരുന്ന നിരവധി എതിർപ്പുകളെ നേരിടുകയും, അതിന് അനുകൂലമായ ശക്തമായ വാദങ്ങളെ മനസ്സിലാക്കുകയും ചെയ്ത നീണ്ട ഒരു പ്രക്രിയയ്ക്ക് ശേഷമാണ് ഞാൻ വിശ്വാസം സ്വീകരിച്ചത്,” അദ്ദേഹം വ്യക്തമാക്കി. തന്റെ വീഡിയോയിൽ, “ബുദ്ധിയുടെയും ഹൃദയത്തിന്റെയും ഘടകങ്ങളുടെ സംയോജനമാണ്” ഈ പ്രക്രിയയുടെ പൂർത്തീകരണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “ദൈവം നല്ലവനാണ്,” അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു.

സ്മിഡിന്റെ പൊതു പ്രൊഫൈൽ കാരണം ഏറെ ശ്രദ്ധ നേടിയ ഈ മാനസന്തരത്തെ പ്രിൻസ്റ്റൺ സർവകലാശാലയിലെ കത്തോലിക്കാ ശുശ്രൂഷാ വിഭാഗമായ അക്വിനാസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രശംസിച്ചു. സ്മിഡ് തന്റെ കത്തോലിക്കാ വിശ്വാസത്തിൽ തുടർന്നും വളരുന്നതിനും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളുടെ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിനുമായി പ്രാർഥിക്കാൻ അവർ സർവകലാശാലയിലെ കത്തോലിക്കാ സമൂഹത്തോട് അഭ്യർഥിച്ചു.

തന്റെ കടുത്ത വിമർശകരിലൊരാളായിരുന്ന കത്തോലിക്കാ ആപോളജിസ്റ്റ് ട്രെന്റ് ഹോണുമായി രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിലും സ്മിഡ് അടുത്തിടെ പങ്കെടുത്തു. അജ്ഞേയവാദിയായിരുന്നപ്പോൾ പോലും തത്ത്വചിന്താപരവും ദൈവശാസ്ത്രപരവുമായ സംവാദങ്ങളിൽ സ്മിഡ് പുലർത്തിയ കൃത്യതയെ ഹോൺ പ്രശംസിച്ചു.

“നിങ്ങളുടെ മറുവാദങ്ങളിലൂടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത് എന്റെ സ്വന്തം പാതയിലും ഒരു ആപോളജിസ്റ്റ്, തത്ത്വചിന്തകൻ എന്നീ നിലകളിൽ വളരാനുള്ള എന്റെ ശ്രമത്തിലും എന്നെ സഹായിച്ചിട്ടുണ്ട്,” അഭിമുഖത്തിനിടെ ഹോൺ സ്മിഡിനോട് പറഞ്ഞു.

തന്റെ വരിക്കാരോട് മാനസന്തരം പ്രഖ്യാപിച്ചുകൊണ്ട്, കത്തോലിക്കാ സഭയെ സേവിക്കുന്നതിനായി തന്റെ യൂട്യൂബ് ചാനൽ മുൻപോട്ട് കൊണ്ടുപോകാൻ വലിയ പദ്ധതികളുണ്ടെന്ന് സ്മിഡ് വ്യക്തമാക്കി. “കർത്താവ് എന്നെ എവിടേക്കാണ് നയിക്കുന്നതെന്ന് നമുക്ക് കാണാം. സംവാദങ്ങളും സംഭാഷണങ്ങളും തുടരും. ഈ പരിവർത്തന കാലയളവിൽ തന്റെ ഫോളോവേഴ്സിനോട് ക്ഷമ പാലിക്കാനും അദ്ദേഹം അഭ്യർഥിച്ചു.

“കൂടാതെ നിങ്ങളുടെ പ്രാർത്ഥനയും ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ നിങ്ങൾക്കായി പ്രാർഥിക്കുന്നുണ്ടെന്ന് അറിയുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.