റോമിലെ പ്രശസ്തമായ പൗളിൻ ചാപ്പൽ പുനരുദ്ധാരണത്തിന് ഒരുങ്ങുന്നു

റോമിലെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി മേജർ ദൈവാലയത്തിലെ പൗളിൻ ചാപ്പലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. നവംബർ ആറിന്  പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചാപ്പലിലെ കലാസൃഷ്ടികൾ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികൾ ബസിലിക്ക പ്രഖ്യാപിച്ചത്. നവംബർ 16 ന് ആരംഭിക്കുന്ന ഈ പദ്ധതി, വിപുലമായ സംരക്ഷണ ക്യാമ്പെയ്‌ന്റെ ഭാഗമായുള്ള നിരവധി പ്രവർത്തനങ്ങളിലൊന്നാണ്.

പണികൾ നടക്കുന്ന സമയത്ത് ഈ ചാപ്പൽ 90 ദിവസത്തേക്ക് അടച്ചിടും. റോമിലെ നാല് പ്രധാന ബസിലിക്കകളിലൊന്നായ ഇത്, എ ഡി 431 ൽ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ച എഫെസൂസ് കൗൺസിലിനു തൊട്ടുപിന്നാലെയാണ് നിർമ്മിക്കപ്പെട്ടത്. പടിഞ്ഞാറൻ മേഖലയിലെ പരിശുദ്ധ കന്യകാമറിയത്തിനായി സമർപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ദൈവാലയമായി കരുതപ്പെടുന്നതും ഈ ദൈവാലയം തന്നെയാണ്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഭരണവിഭാഗവുമായി (Governorate) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചാപ്പലിന്റെ താഴികക്കുടത്തിലും (dome) അതിനു ചുറ്റുമുള്ള ചുവർചിത്രങ്ങളിലും കേന്ദ്രീകരിച്ചായിരിക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക.

പരിശുദ്ധ കന്യകാമറിയത്തെയും ഉണ്ണിയേശുവിനെയും ചിത്രീകരിക്കുന്ന, ‘സാലൂസ് പോപ്പുലി റൊമാനി’ എന്ന പുരാതന മരിയൻ ചിത്രവും പൗളിൻ ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുവിശേഷകനായ വി. ലൂക്കായാണ് ഈ ചിത്രം നിർമ്മിച്ചതെന്നാണ് പാരമ്പര്യം. ഇതിന്റെ നിർമ്മിതിക്കു ശേഷം, വി. ഗ്രിഗറി ഒന്നാമൻ മാർപാപ്പയും ദൈവദാസനായ പയസ് പന്ത്രണ്ടാമൻ മാർപാപ്പയും ഉൾപ്പെടെയുള്ള നിരവധിയായ മാർപാപ്പമാർ ആരാധനാക്രമപരമായ പ്രദക്ഷിണങ്ങളിലൂടെയും അലങ്കാരങ്ങളിലൂടെയും ഈ ചിത്രത്തെ ആദരിച്ചിട്ടുണ്ട്. 1615 ൽ പോൾ അഞ്ചാമൻ മാർപാപ്പ ഈ ചിത്രം സൂക്ഷിക്കുന്നതിനായി സെന്റ് മേരി മേജർ ബസിലിക്കയിൽ മനോഹരമായ ഒരു ചാപ്പൽ നിർമ്മിക്കുകയും  ഔദ്യോഗികമായി ചിത്രം അങ്ങോട്ട് മാറ്റുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.