
അർജന്റീനയിലെ ബിഷപ്പുമാരുമായുള്ള അത്താഴവിരുന്നോടെയാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ രണ്ടാം ദിന അർജന്റീന സന്ദർശനം പൂർത്തിയായത്. 39 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഒരു മാർപാപ്പ ഈ രാജ്യം സന്ദർശിക്കുന്നത്.
ബ്യൂണസ് അയേഴ്സിലെ ആർച്ച്ബിഷപ്പ് ഹൗസിലെ അത്താഴവിരുന്നിനു മുൻപ്, മെത്രോപ്പോലീത്തൻ കത്തീഡ്രലിൽ ബിഷപ്പുമാർക്കും സിനഡൽ ടീമുകൾക്കുമൊപ്പം പരിശുദ്ധ പിതാവ് സന്ധ്യാപ്രാർഥനയ്ക്ക് (vespers) നേതൃത്വം നൽകി. 15 വർഷത്തോളം അർജന്റീനയുടെ തലസ്ഥാനത്തെ ആർച്ച്ബിഷപ്പായിരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക്, പാപ്പ അവിടെ ആദരാഞ്ജലികൾ അർപ്പിച്ചു.
സാൻ മാർട്ടിനോ കൊട്ടാരത്തിൽ വച്ച് ക്രിസ്ത്യൻ സമൂഹങ്ങളിലെയും മറ്റു മതപാരമ്പര്യങ്ങളിലെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാർപാപ്പ കത്തീഡ്രലിൽ എത്തിയത്. അവിടെ വച്ച് മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനും പ്രതീക്ഷ വളർത്താനും പാപ്പ ആഹ്വാനം ചെയ്തു.
കൂടാതെ, അർജന്റീനയിലെ പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റിയും ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ചു. തൊഴിലാളികൾ, വ്യവസായികൾ, തൊഴിൽമേഖലയിലെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പാപ്പ, “നമ്മുടെ ജോലിയിലൂടെ മറ്റുള്ളവരെ സേവിച്ചുകൊണ്ട്, ചുറ്റുമുള്ളവരുടെ ആവശ്യങ്ങളോട് ശ്രദ്ധാലുക്കളാകാൻ ദൈവം നമ്മെ ഏവരെയും വിളിക്കുന്നു” എന്ന് ഓർമ്മിപ്പിച്ചു.
രാവിലെ പലെർമോയുടെ സമീപത്തുള്ള മൊനുമെന്റോ ഡി ലോസ് എസ്പാനിയോൾസിൽ (Monument of the Spanish) നടന്ന ദിവ്യബലിക്ക് 25 ലക്ഷത്തോളം ആളുകൾ സന്നിഹിതരായി.




