
തുർക്കി പട്ടണമായ ഇസ്നിക്കിന് സമീപം ഗവേഷണം നടത്തുന്ന പുരാവസ്തു ഗവേഷകർ മൂന്നാം നൂറ്റാണ്ടിലെ ഒരു ഭൂഗർഭ ശവകുടീരത്തിനുള്ളിൽ നിന്നും യേശുക്രിസ്തുവിന്റെ അപൂർവമായ ഒരു ചുവർചിത്രം കണ്ടെത്തി. ഈ ചിത്രം ഈ മേഖലയിലെ ആദിമ ക്രൈസ്തവ പുരാവസ്തു പഠനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്നാണെന്ന് പുരാവസ്തു ഗവേഷകർ വെളിപ്പെടുത്തുന്നു.
2018 ൽ ഹിസാർഡെരെ നെക്രോപോളിസിൽ ആരംഭിച്ച പുരാവസ്തു ഗവേഷങ്ങൾ തുടരുന്നതിനിടയിലാണ് നല്ലിടനായ ക്രിസ്തുവിന്റെ ഈ ചിത്രം കണ്ടെത്തിയത്. റോമൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച്, താടി വടിച്ച ഒരു ചെറുപ്പക്കാരൻ ഒരു ആടിനെ ചുമലിലേറ്റി നിൽക്കുന്നതാണ് കണ്ടെത്തിയ ചിത്രത്തിൽ ഉള്ളത്; ചുറ്റും മറ്റ് മൃഗങ്ങളും പൂത്തുനിൽക്കുന്ന സസ്യജാലങ്ങളുമുണ്ട്. ഇന്നത്തെ തുർക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ചരിത്രപ്രദേശമായ അനറ്റോലിയയിൽ നല്ലിടയന്റേതായി അറിയപ്പെടുന്ന ഏക മാതൃക ഒരുപക്ഷേ ഇതായിരിക്കാമെന്നാണ് മുഖ്യ പുരാവസ്തു ഗവേഷകയായ ഗുൽസെൻ കുത്ബേ ഇതിനെ വിശേഷിപ്പിച്ചത്.
2018 മുതൽ ഹിസാർഡെരെ നെക്രോപോളിസിൽ ഉത്ഖനനം നടന്നുവരികയാണ്. എ.ഡി രണ്ടാം നൂറ്റാണ്ട് മുതൽ അഞ്ചാം നൂറ്റാണ്ട് വരെ ഇതൊരു ശ്മശാനഭൂമിയായി പ്രവർത്തിച്ചിരുന്നു; ഇതിൽ അറകളോട് കൂടിയ ശവകുടീരങ്ങളും കല്ലറകളും ശവപ്പെട്ടികളും (sarcophagi) ഉൾപ്പെടുന്നു. അതേസമയം, ചുവർചിത്രത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ തുടരുകയാണ്. ചുവർചിത്രത്തിന്റെ യഥാർഥ നിറങ്ങളിൽ കേടുപാടുകൾ പറ്റാതെ അതിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി വിദഗ്ധർ അതിന്റെ ഉപരിതലം ശ്രദ്ധാപൂർവം വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
നല്ല ഇടയന്റെ ചിത്രത്തിനപ്പുറം ചുമരുകളും സീലിംഗും അലങ്കരിച്ചിരിക്കുന്ന ഒരു ഭൂഗർഭ അറയാണ് ഈ ശവകുടീരം. ഇതിൽ ഒരു കുഞ്ഞ് അടക്കം അഞ്ചുപേരെ സംസ്കരിച്ചിരുന്നു എന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. വിജാതീയ പാരമ്പര്യത്തിൽ നിന്നും ആദിമ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മാറ്റത്തെയാണ് ഈ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും, പ്രത്യാശയെ മുൻനിർത്തിയുള്ള രീതിയിലാണ് മരിച്ചവരെ ആദരിച്ചിരിക്കുന്നതെന്നും ഇസ്നിക് മ്യൂസിയം പുരാവസ്തു ഗവേഷകൻ എരെൻ എർട്ടെൻ എർട്ടെം പറഞ്ഞു.




