
ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറു സന്ദർശനത്തിന് ആദരമർപ്പിച്ച് അമേരിക്കൻ പിസ്സ ശൃംഖലയായ ‘പാപ്പ ജോൺസ്’ തങ്ങളുടെ പേരിൽ നിന്നും ‘പാപ്പ’ എന്ന വാക്ക് താൽക്കാലികമായി ഒഴിവാക്കി. സ്പാനിഷ് ഭാഷയിൽ മാർപാപ്പയെ ‘പാപ്പ’ എന്നാണ് വിളിക്കുന്നത്.
പരിശുദ്ധ പിതാവ് രാജ്യത്തുള്ളപ്പോൾ ‘പെറുവിൽ ഒരൊറ്റ പാപ്പ മാത്രമേയുള്ളൂ’ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമ്പനി പേര് ‘ജോൺസ്’ എന്ന് മാറ്റിയത്. തലസ്ഥാനമായ ലിമയിലെ മിറാഫ്ലോറസ്, സുർക്കോ, സാൻ മിഗ്വൽ തുടങ്ങി പ്രധാനപ്പെട്ട എട്ട് ശാഖകളിലെ ബോർഡുകളിൽ നിന്നും ‘പാപ്പ’ എന്ന അക്ഷരങ്ങൾ മറയ്ക്കുകയും സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേര് ‘ജോൺസ്’ എന്നാക്കി മാറ്റുകയും ചെയ്തു.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് വർഷങ്ങളോളം പെറുവിൽ മിഷനറി പ്രവർത്തനങ്ങളും ബിഷപ്പ് പദവിയും വഹിച്ചിരുന്ന ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് വലിയ വരവേൽപ്പാണ് രാജ്യം നൽകുന്നത്.



