വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഗോവയിൽ

‘ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ’ എന്നറിയപ്പെടുന്ന ഈശോസഭാ പ്രേഷിതൻ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ വീണ്ടും പരസ്യവണക്കത്തിനായി തുറക്കപ്പെടുന്നു. പത്തുവർഷങ്ങൾക്കു ശേഷമാണ് തിരുശേഷിപ്പ് വീണ്ടും തുറക്കപ്പെടുന്നത്. ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള ‘ബോം ജീസസ്’ ദൈവാലയത്തിലാണ് തിരുശേഷിപ്പ് ഉള്ളത്.

രണ്ടുവർഷത്തെ ആത്മീയമായ ഒരുക്കങ്ങൾക്ക് ശേഷമാണ് 2024 നവംബർ 21 ന് പരസ്യവണക്കം ആരംഭിക്കുന്നതെന്ന് ഗോവ-ദമാൻ മെത്രാപ്പോലീത്ത കർദിനാൾ ഫിലിപ്പെ നേരി ഫെറാവോ അറിയിച്ചു തുടർന്ന് 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും.

തോമാശ്ലീഹായ്ക്കുശേഷം പതിനാറാം നൂറ്റാണ്ടിൽ ഭാരതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാൻ എത്തിയ ഈശോസഭാംഗമായ സ്പെയിൻകാരനായ പ്രേഷിതനാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ. 1541 -ൽ തന്റെ പ്രേഷിത പ്രവർത്തനമേഖല ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇന്ത്യക്കു പുറമെ തായ്‌വാൻ, ഫിലിപ്പൈൻ, മലേഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിലും വിശുദ്ധൻ സുവിശേഷ പ്രഘോഷണം നടത്തി പതിനായിരങ്ങളെ യേശുവിലേക്ക് അടുപ്പിച്ചു.

1552 -ൽ രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ദേഹം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ ബോം ജീസസ് കത്തീഡ്രലിൽ ആണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ ദൈവാലയവും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.