50,000 ൽ അധികം ഗർഭസ്ഥ ശിശുക്കളെ ജീവനിലേക്ക് കൈപിടിച്ചു നടത്തിയ ‘റെഡ് മാദ്രെ’

സ്‌പെയിനിൽ ഗർഭിണികൾക്കും അമ്മമാർക്കും പിന്തുണ നൽകുന്ന ‘റെഡ് മാദ്രെ’ ഫൗണ്ടേഷൻ 2025-ൽ മാത്രം 50,000-ത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിച്ചതായി റിപ്പോർട്ട്. സംഘടന പുറത്തുവിട്ട വാർഷിക പ്രവർത്തന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗർഭിണികൾക്ക് കൃത്യമായ പിന്തുണയും സഹായവും നൽകിയതിലൂടെ 85 ശതമാനത്തിലധികം സ്ത്രീകളും ഗർഭച്ഛിദ്രം ഉപേക്ഷിച്ച് കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് സംഘടന വെളിപ്പെടുത്തി. 2025-ൽ 60,111 ഗർഭിണികളാണ് സഹായം തേടി ഫൗണ്ടേഷനെ സമീപിച്ചത്. ഇതിൽ ഗർഭച്ഛിദ്ര ഭീഷണി നേരിട്ടിരുന്ന 50,000-ത്തിലധികം സ്ത്രീകൾ സംഘടനയുടെ പിന്തുണ സ്വീകരിച്ച് കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തീരുമാനിച്ചു.

സഹായം അഭ്യർഥിച്ചവരിൽ 85.4% സ്ത്രീകളും ജീവന്റെ മാർഗം തിരഞ്ഞെടുക്കാൻ തയ്യാറായി എന്നത് സംഘടനയുടെ വലിയ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സഹായം തേടിയവരിൽ ഭൂരിഭാഗം പേരും (47%) 30-നും 39-നും ഇടയിൽ പ്രായമുള്ളവരാണ്. 18-നും 29-നും ഇടയിൽ പ്രായമുള്ളവർ 44.22% വരും.

ടെലിഫോൺ കോളുകൾ (6,500-ലധികം), വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ (7,000-ത്തോളം), ഇമെയിലുകൾ എന്നിവ വഴിയാണ് സ്ത്രീകൾ സഹായം അഭ്യർഥിച്ചത്. സാമ്പത്തിക-സാമൂഹിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇവർക്ക് വൈകാരികമായ പിന്തുണയ്‌ക്കൊപ്പം ഡയപ്പറുകൾ, ഭക്ഷണസാധനങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും ലഭ്യമാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു.

2007-ൽ പ്രവർത്തനം ആരംഭിച്ച റെഡ് മാദ്രെ ഫൗണ്ടേഷൻ ഇതുവരെ അരദശലക്ഷത്തിലധികം (5,02,889) അമ്മമാർക്ക് തണലേകിയിട്ടുണ്ട്. ഗർഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന സാമ്പത്തിക-സാമൂഹിക സമ്മർദങ്ങൾ കുറയ്ക്കാൻ സർക്കാർ തലത്തിൽ കൂടുതൽ പിന്തുണ വേണമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.