പെൺകുട്ടികളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തു: പാക്കിസ്ഥാനിൽ ക്രൈസ്തവ യുവാവിന് ക്രൂരമർദനം

പള്ളിയിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ തടയുകയും ശല്യപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്ത 17 വയസ്സുകാരനായ ക്രൈസ്തവ യുവാവിനെ ഒരു സംഘം ആൾക്കാർ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഷെയ്ഖുപുര ജില്ലയിലെ നസ്രത്ത് കോളനിയിലാണ് സംഭവം നടന്നത്. ഇഖ്ലാഖ് മസീഹ് എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

പ്രാദേശികമായി സ്വാധീനമുള്ള അലി ഷാ എന്ന വ്യക്തിയും സുഹൃത്തുക്കളും ചേർന്ന് ഞായറാഴ്ചകളിൽ പള്ളിയിലേക്ക് പോകുന്ന ക്രൈസ്തവ പെൺകുട്ടികളെ സ്ഥിരമായി പരിഹസിക്കുകയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. ഓഗസ്റ്റ് 16-ന് അതിക്രമം നേരിട്ട പെൺകുട്ടിക്ക് പിന്തുണയുമായി ഇഖ്ലാഖ് രംഗത്തെത്തുകയും സംഘത്തോട് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇഖ്ലാഖിന് നേരെ വംശീയവും മതപരവുമായ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് അക്രമികൾ തട്ടിക്കയറി.

അവിടെനിന്ന് താൽക്കാലികമായി മടങ്ങിയ അലി ഷായും സംഘവും, പിന്നീട് ഇഖ്ലാഖ് ഒറ്റയ്ക്കാകുന്ന സമയം നോക്കി തോക്കുകളും ഇരുമ്പ് വടികളും മോട്ടോർ സൈക്കിൾ ചെയിനുകളുമായി എത്തി ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് ബോധരഹിതനായ ഇഖ്ലാഖിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആക്രമണത്തിൽ ഇഖ്ലാഖിന്റെ ശരീരത്തിലുടനീളം ഗുരുതരമായ പരിക്കുകള പറ്റിയിട്ടുണ്ട്. പൊലീസ് കേസ് (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, പ്രതികളുടെ പ്രാദേശിക സ്വാധീനം കാരണം അവർക്ക് ജാമ്യം ലഭിക്കുമോയെന്ന ഭീതിയിലാണ് കുടുംബം. കേസ് പിൻവലിച്ചില്ലെങ്കിൽ ഇഖ്ലാഖിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രദേശത്തെ ക്രൈസ്തവ സമൂഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.