സുഡാനിൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

സുഡാനിലെ പടിഞ്ഞാറൻ ഡാർഫറിൽ സുഡാനീസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ 35-ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടന. വടക്കൻ ഡാർഫർ സംസ്ഥാനത്തെ ഗാര അൽ-സവായ ഗ്രാമ കോടതിക്ക് നേരെയാണ് ഓഗസ്റ്റ് രണ്ട് ഞായറാഴ്ച ഉച്ചയോടെ ഡ്രോൺ ആക്രമണമുണ്ടായത്. പ്രാദേശിക തർക്കങ്ങൾ പരിഹരിക്കാൻ ഗ്രാമവാസികൾ കോടതിക്ക് മുന്നിൽ ഒത്തുകൂടിയിരുന്നപ്പോഴാണ് ആക്രമണം നടന്നത്.

ഗോത്രത്തലവന്മാരും അർദ്ധസൈനിക വിഭാഗമായ ആർ.എസ്.എഫ് (RSF) കമാൻഡർമാരും ഉൾപ്പെടെ കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടതായി ‘എമർജൻസി ലോയേഴ്സ്’ സംഘടന അറിയിച്ചു. മരച്ചുവട്ടിൽ വച്ച് നടന്ന കോടതി നടപടികൾക്കിടയിലാണ് ആക്രമണമുണ്ടായത്. ആർ.എസ്.എഫ് നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബർഹാനും ആർ.എസ്.എഫ് കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിൽ 2023 ഏപ്രിൽ മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ഡാർഫർ മേഖലയിലെ അൽ-ഫാഷർ പിടിച്ചെടുത്തതിന് ശേഷം ഇരുവിഭാഗങ്ങളും ഡ്രോൺ ആക്രമണങ്ങൾ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ ഡ്രോൺ ആക്രമണങ്ങളിൽ ആയിരത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഈ സംഘർഷം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്കാണ് വഴിവച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.