സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴ കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കടുത്തതോടെ കോട്ടയം, തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി എന്നീ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.

വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാക്കനാട്, കുമരകം, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ നാല് മണി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

മഴയ്‌ക്കൊപ്പം കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക മുൻകരുതൽ എടുക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.