
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാളെ മഴയുടെ ശക്തി അൽപ്പം കുറയുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കടലിൽ ഇറങ്ങരുതെന്നും അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും ജാഗ്രതാ മുന്നറിയിപ്പിൽ പറയുന്നു. വിനോദസഞ്ചാരികൾ ബീച്ചുകളിൽ ഇറങ്ങുന്നതും കടൽ യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.




