
ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ അമ്മയും മകളും ഉൾപ്പെടെ രണ്ട് ക്രൈസ്തവ വനിതകളും മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ട സംഭവത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി പാരിഷ് വികാരി ഫാ. ഗബ്രിയേൽ റൊമാനല്ലിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് മാർപാപ്പ തന്റെ പ്രാർഥനയും പിന്തുണയും അറിയിച്ചത്. ഒക്ടോബർ മൂന്നിന് പുലർച്ചെ ഗാസ സിറ്റിയിലെ പാർപ്പിട സമുച്ചയത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് മയ്സ ഖാദർ ഇബ്രാഹിം അബു ദാവൂദ്, മകൾ മേരി ഹാഫെസ് മിഷേൽ നജ്ജാർ എന്നിവരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്.
ഫാ. ഗബ്രിയേൽ റൊമാനല്ലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് മാർപാപ്പയുടെ കത്ത് പരസ്യമാക്കിയത്. “മയ്സയുടെയും മേരിയുടെയും വിയോഗവാർത്ത അറിഞ്ഞ നിമിഷം മുതൽ ഞാൻ അവർക്കായും അവരുടെ കുടുംബങ്ങൾക്കായും ഗാസയിലെ മുഴുവൻ ജനങ്ങൾക്കായും പ്രാർഥിക്കുകയാണ്. ‘കർത്താവേ, എത്രത്തോളം കാലം?’ ശാന്തിയും സമാധാനവും മാത്രം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് കൂടെ നിൽക്കുന്നതിന് നന്ദി,” എന്ന് മാർപാപ്പ കത്തിൽ കുറിച്ചു.
ഹോളി ഫാമിലി ദൈവാലയത്തിൽ അഭയം പ്രാപിച്ച നിർധനരായ ആളുകളെയും ഇടവകാംഗങ്ങളെയും സഹായിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്ന മയ്സയുടെയും മേരിയുടെയും മരണം നികത്താനാവാത്ത നഷ്ടമാണെന്ന് പാലസ്തീനിലെ സഭാ കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കമ്മിറ്റി ചെയർമാൻ റാംസി ഖൂരി വ്യക്തമാക്കി. ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന ഭയാനകമായ യാഥാർഥ്യമാണ് ഇത്തരം ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്ന് ഫാ. റൊമാനല്ലി ചൂണ്ടിക്കാട്ടി.
യൂറോപ്യൻ സഭാ നേതാക്കളും ജറുസലേമിലെ ലത്തീൻ പത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയും സംഭവത്തിൽ അനുശോചനം അറിയിച്ചു. ഗാസയിൽ യുദ്ധം ആരംഭിച്ച് ഇതുവരെ 62 ക്രിസ്ത്യാനികൾ മരണപ്പെട്ടതായി ഇടവക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. പ്രദേശത്ത് അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഗോള സമൂഹത്തോട് മാർപാപ്പയും പ്രാദേശിക സഭാ നേതൃത്വവും അഭ്യർഥിച്ചു.




