സൗത്ത് സുഡാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ: 26 പേർ കൊല്ലപ്പെട്ടു, 82 പേർക്ക് പരിക്ക്

സൗത്ത് സുഡാനും, സുഡാനും ഇടയിലെ അതിർത്തി പങ്കിടുന്ന തർക്കപ്രദേശമായ അബൈ (Abyei) നഗരത്തിൽ രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും 82 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ (UN) വ്യക്തമാക്കി.

അബൈ നഗരത്തിലെ അമീത് കോമൺ മാർക്കറ്റിലാണ് (Amiet Common Market) അക്രമം പൊട്ടിപ്പുറപ്പെട്ടത്. എൻഗോക്ക് ഡിങ്ക (Ngok Dinka), മിസെരിയ (Misseriya) എന്നീ രണ്ട് ഗോത്രവിഭാഗങ്ങളിൽപെട്ടവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സെപ്റ്റംബർ 14, 15 തിയതികളിലായി ഇരു ഗോത്രങ്ങളിൽപെട്ട രണ്ട് പുരുഷന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമാകുകയായിരുന്നു.

അക്രമണത്തെ തുടർന്ന് യുണൈറ്റഡ് നേഷൻസ് ഇന്ററിം സെക്യൂരിറ്റി ഫോഴ്സ് ഫോർ അബൈ (UNISFA) മാർക്കറ്റിലും പരിസരത്തും സുരക്ഷ ശക്തമാക്കുകയും സ്ഥിതിഗതികൾ ശാന്തമാക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.