ഒക്ടോബർ 31 ന് ‘ജോർജിയ രക്തസാക്ഷികളുടെ’ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം

‘ജോർജിയ രക്തസാക്ഷികളുടെ’ (Georgia Martyrs) വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്ടോബർ 31-ന് നടക്കും. അമേരിക്കൻ കത്തോലിക്കാ സഭയിലെ അടുത്ത പ്രധാനപ്പെട്ട ഒരു ആത്മീയ ചടങ്ങായിട്ടാണ് ഈ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തെ സഭാനേതൃത്വവും വിശ്വാസികളും കാണുന്നത്. പതിനാറാം നൂറ്റാണ്ടിൽ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ സന്ന്യാസിമാരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്.

1597 സെപ്റ്റംബർ 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ, ഇന്നത്തെ ജോർജിയൻ തീരപ്രദേശങ്ങളിലെ മിഷനുകളിൽ സേവനം ചെയ്തിരുന്ന ഫ്രാൻസിസ്കൻ വൈദികരായ പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ് ഡി ക്വാക്കോസ്, മിഗുവൽ ഡി അന്യോൺ, അന്തോണിയോ ഡി ബദാജോസ്, ഫ്രാൻസിസ്കോ ഡി വെരാസ്കോള എന്നിവരാണ് ക്രൂരമായി വധിക്കപ്പെട്ടത്. മാമ്മോദീസ സ്വീകരിച്ച പ്രദേശവാസിയായ യുവാവ്, സഭാ നിയമങ്ങൾക്ക് വിരുദ്ധമായി രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ ഫാ. പെഡ്രോ ഡി കോർപ്പ അത് തടഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവിന്റെയും കൂട്ടാളികളുടെയും ആക്രമണത്തിലാണ് ഈ വൈദികർ കൊല്ലപ്പെട്ടത്. ഈ സംഭവം ചരിത്രത്തിൽ ‘1597-ലെ ഗ്വാലെ പ്രക്ഷോഭം’ (1597 Guale Uprising) എന്നറിയപ്പെടുന്നു.

1984-ൽ സാവന്ന രൂപതയുടെ നേതൃത്വത്തിലാണ് ഇവരുടെ വിശുദ്ധപദവി നടപടികൾക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. തുടർന്ന്, 2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ ഇവരുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കാൻ വിശുദ്ധരുടെ പദവികൾക്കായുള്ള ഡികാസ്റ്ററിക്ക് അനുമതി നൽകുകയായിരുന്നു.

നവംബർ ഒന്നിന് സാവന്ന രൂപതാ മെത്രാൻ സ്റ്റീഫൻ പാർക്കിസിന്റെ നേതൃത്വത്തിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ ബസിലിക്കയിൽ കൃതജ്ഞതാ ബലിയും അർപ്പിക്കും. ഫ്രാൻസിസ്കൻ സഭയുടെ സ്ഥാപകനായ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.