
നൈജീരിയയിലെ ബെനുവെയിലെ ഒഹിമിനി ലോക്കൽ ഗവൺമെന്റ് പരിധിയിലെ ഒട്ടോബി അമേജോ-അജെഗ്ബെ റോഡിൽവച്ച് ഒക്ടോബർ 13-ന് തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ജോൺ ഇനലെഗ്വു ഒടാച്ചെയെ മോചിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ മോചനം സ്ഥിരീകരിച്ചുകൊണ്ട് ഒടുക്പോ രൂപത വാർത്താക്കുറിപ്പ് പുറത്തിറക്കി.
വൈദികന്റെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കിയ പ്രാർഥനകൾക്കും ഐക്യദാർഢ്യത്തിനും രൂപതയിലെ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും എല്ലാ നല്ല മനുഷ്യർക്കും ഒടുക്പോ ബിഷപ്പ് മൈക്കൽ എക്വോയി അപോഷി തന്റെ ആത്മാർഥമായ നന്ദി രേഖപ്പെടുത്തി. ബെനുവെ സ്റ്റേറ്റ് പൊലീസ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചതനുസരിച്ച്, ഫാദർ ഒടാച്ചെയെ മറ്റ് അഞ്ച് പേർക്കൊപ്പം സുരക്ഷാ സേനയാണ് മോചിപ്പിച്ചത്. ഒക്ടോബർ 18 ഞായറാഴ്ചയാണ് സംസ്ഥാന പൊലീസ് കമാൻഡ് ഈ വാർത്ത സ്ഥിരീകരിച്ചത്.
തട്ടിക്കൊണ്ടുപോകപ്പെട്ട ഇരകളെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപെടുത്തി വൈദ്യപരിശോധനയ്ക്കായി ഒടുക്പോ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പൊലീസ് വക്താവ് ഡെപ്യൂട്ടി സൂപ്രണ്ട് ഓണ്ടോഗു ഒർച്ചിയ മകുർഡിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രാദേശിക വിജിലൻസ് ഗ്രൂപ്പുകളും ഈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യുന്നു.




