
“ഞാൻ ഇപ്പോഴും ഒരു കുട്ടിയാണ്, ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് ആർക്കും നല്ലതല്ല…”- കടം വീട്ടാൻ വേണ്ടി ബാല്യത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്ന പതിനൊന്നുകാരി ഖാതിരയുടെ വാക്കുകളാണിത്. വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിൽ നിന്ന് കരളലിയിക്കുന്ന ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. ലോകം വളരുമ്പോൾ, കടുത്ത വരൾച്ചയും ദാരിദ്ര്യവും കാരണം സ്വന്തം മക്കളെ വിൽക്കാൻ നിർബന്ധിതരാകുന്ന ഒരു ജനതയുടെ വേദനയാണിത്.
അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളിൽ മഴയെ ആശ്രയിച്ചുള്ള കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു അവിടത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധി. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലമായി ഉണ്ടായ കടുത്ത വരൾച്ച അവരുടെ ജീവിതമാർഗം പൂർണ്ണമായും തകർത്തെറിഞ്ഞു. വിളകൾ കരിഞ്ഞുണങ്ങി, കന്നുകാലികൾ ചത്തൊടുങ്ങി. കടങ്ങൾ വീട്ടാനും, കുടുംബത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കാനും, അവസാന ആശ്രയമായി പലരും തങ്ങളുടെ പിഞ്ചുമക്കളെ പോലും വിവാഹം കഴിപ്പിച്ച് വിൽക്കാൻ നിർബന്ധിതരായി.
കണ്ണീരൊഴുക്കുന്ന അമ്മമാരും വിധിയെഴുതപ്പെട്ട കുരുന്നുകളും
“ഒരു അമ്മയെന്ന നിലയിൽ ഞാൻ ഒരുപാട് കരഞ്ഞു, പക്ഷേ എന്റെ ഭർത്താവിന് വേറെ വഴിയില്ലായിരുന്നു എന്ന് എനിക്കറിയാമായിരുന്നു…” തങ്ങളുടെ ചെറിയ വയസ്സുള്ള പെൺകുഞ്ഞുങ്ങളെ വിവാഹം കഴിപ്പിക്കേണ്ടി വന്ന ഗുൽ ബോബോ എന്ന അമ്മയുടെ വാക്കുകളാണിത്. “അവർ വിവാഹപ്രായമാകുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, പക്ഷേ നിവൃത്തിയില്ലായിരുന്നു. 14 വയസ്സിൽ അവർ ഗർഭിണികളാകേണ്ടി വരും, അവരെ ഭർത്താക്കന്മാർ ഉപദ്രവിക്കുമെന്ന് എനിക്കറിയാം, എങ്കിലും എനിക്ക് ഒന്നും ചെയ്യാനാവില്ല.” പതിനൊന്നുകാരിയായ ഗുലാലിയുടെ കഥയും മറ്റൊന്നല്ല. കടം വീട്ടാൻ വേണ്ടി പ്രായമായ ഒരു കടയുടമയ്ക്കാണ് ആ പിഞ്ചുകുഞ്ഞിനെ വിവാഹം ചെയ്തു നൽകിയത്. “മറ്റു കുട്ടികളെ രക്ഷിക്കാൻ ഞങ്ങൾ കുടുംബത്തിലെ ഒരു അംഗത്തെ ബലിയർപ്പിക്കേണ്ടി വരുന്നു,” എന്നാണ് അവളുടെ പിതാവ് നിയാസ് മുഹമ്മദ് വേദനയോടെ പറയുന്നത്.
ദാരിദ്ര്യവും വിട്ടൊഴിയാത്ത ദുരിതങ്ങളും
വീടുകളിൽ ഭക്ഷണത്തിനായി ഉണങ്ങിയ റൊട്ടിയും ചായയും, കാട്ടുചെടികളും മാത്രമാണ് ഇവർക്കുള്ളത്. തണുപ്പകറ്റാൻ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചവറുകളുമാണ് ഇവർ കത്തിക്കുന്നത്. കുട്ടികളുടെ വിശപ്പടക്കാൻ സ്വന്തം വൃക്ക വിറ്റ പിതാക്കന്മാരുടെയും, മാരകമായ അർബുദ രോഗത്തിന് ചികിത്സിക്കാൻ പണമില്ലാതെ സ്വന്തം കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത മാതാപിതാക്കളുടെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെ കാണുന്നത്.
ചിലർ അഭയം തേടി നഗരങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ എത്തുന്നുണ്ടെങ്കിലും, വിദേശ സഹായങ്ങൾ കൂടി നിലച്ചതോടെ അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായിരിക്കുകയാണ്. ചെറിയ ക്ലാസുകളിൽ പഠിക്കേണ്ട പ്രായത്തിൽ, വീട്ടുജോലികളും ഭർത്താവിന്റെ പീഡനങ്ങളും സഹിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട നിരവധി കുരുന്നുകളാണ് അഫ്ഗാനിസ്ഥാനിൽ ദിവസേന കണ്ണീരോടെ കഴിയുന്നത്.
കടുത്ത ദാരിദ്ര്യത്തിലും മകൾ അയിഷയെ ദിവസവും രാവിലെ പ്രൈമറി സ്കൂളിലേക്ക് അയക്കുന്ന സാറ എന്ന അമ്മയുടെ ആഗ്രഹം ഒന്നുമാത്രമാണ്- “അവളുടെ വിവാഹത്തിന് ബാക്കി തുക ചോദിച്ച് ഞാൻ ഭർത്താവിന്റെ വീട്ടുകാരെ വിളിക്കാറില്ല, അയിഷയ്ക്ക് കുറച്ചുകൂടി കാലം എന്റെ കൂടെ ജീവിക്കാമല്ലോ…”. വരൾച്ച കവർന്നെടുത്ത തങ്ങളുടെ ബാല്യത്തെ ഓർത്ത് നിശബ്ദമായി കരയുന്ന അഫ്ഗാനിലെ കുഞ്ഞുമക്കളുടെ കണ്ണീർ ലോക മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നതാണ്.




