
സംഘർഷഭരിതമായ മ്യാന്മറിൽ 1,600 ലധികം കുട്ടികൾ ഒത്തുചേർന്ന് ആഗോള മിഷൻ ഞായറിന്റെ നൂറാം വാർഷികം ആഘോഷിച്ചു. ചെറിയ പ്രായത്തിലും യേശുവിനോടുള്ള സ്നേഹം പങ്കുവച്ചുകൊണ്ട് കുട്ടികൾക്ക് മിഷനറിമാരാകാൻ കഴിയുമെന്ന് മ്യാന്മറിലെ കത്തോലിക്കാ സഭാതലവനും യാങ്കൂൺ ആർച്ച്ബിഷപ്പുമായ കർദിനാൾ ചാൾസ് മൗങ് ബോ ഓർമ്മിപ്പിച്ചു.
ആഗോളസഭ ഒക്ടോബർ 18 ന് ആചരിച്ച ആഗോള മിഷൻ ഞായറിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മ്യാന്മറിൽ 1,650 തോളം കുട്ടികളാണ് പങ്കെടുത്തതെന്ന് റേഡിയോ വേരിത്താസ് ഏഷ്യ റിപ്പോർട്ട് ചെയ്തു. കുട്ടികൾ ക്രിസ്തുവിന്റെ ചെറിയ വെളിച്ചങ്ങളായി മാറണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. ഇതിനായി വലിയ കാര്യങ്ങൾ ചെയ്യേണ്ടതില്ലെന്നും ചെറിയ കാരുണ്യപ്രവൃത്തികൾ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധവും പട്ടിണിയും പ്രയാസങ്ങളും അനുഭവിക്കുന്ന മ്യാന്മറിലെയും ലോകമെമ്പാടുമുള്ളതുമായ മറ്റു കുട്ടികളെ ഓർക്കാനും അവർക്കായി പ്രാർഥിക്കാനും കർദിനാൾ കുട്ടികളോട് ആവശ്യപ്പെട്ടു. പ്രശസ്തരാകാനോ, വലിയ കാര്യങ്ങൾ ചെയ്യാനോ അല്ല, മറിച്ച് യേശുവിന്റെ സ്നേഹവും വെളിച്ചവും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലാണ് യഥാർഥ മിഷനറിചൈതന്യം അടങ്ങിയിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കർദിനാൾ തന്റെ സന്ദേശം അവസാനിപ്പിച്ചത്.




