ഹെയ്തിയിൽ വൈദികനെ തട്ടിക്കൊണ്ടു പോയി: ലക്ഷ്യം മോചനദ്രവ്യം

ഫെബ്രുവരി ഏഴാം തീയതി ഹെയ്തിയിൽ നിന്നും ഒരു വൈദികനെ തട്ടിക്കൊണ്ടു പോയതായി ആന്റിലീസിനായുള്ള ക്ലാരെഷ്യൻ മിഷനറിമാരുടെ സ്വതന്ത്ര പ്രതിനിധിസംഘം റിപ്പോർട്ട് ചെയ്തു. ഫാ. അന്റോയിൻ മക്കയർ ക്രിസ്റ്റ്യൻ നോഹയെ ആണ് അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. രാജ്യത്തിന്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന് വടക്ക് 20 മൈൽ അകലെയുള്ള കസലിലെ തന്റെ മിഷനറി സമൂഹത്തിലേക്ക് പോകുമ്പോളായിരുന്നു ആക്രമണം നടന്നത്.

തട്ടിക്കൊണ്ടു പോയവർ, വൈദികന്റെ മോചനത്തിനു പകരമായി പണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മിഷനറി കമ്മ്യൂണിറ്റിയെ സമീപിച്ചു എന്ന് ക്ലാരെഷ്യൻസിന്റെ പ്രസ്താവനയിൽ പറയുന്നു. ഫാ. മക്കയർ കാമറൂൺ സ്വദേശിയാണ്. കഴിഞ്ഞ ഒരു വർഷമായി കസലിലെ സെന്റ് മൈക്കിൾ ദി ആർക്കഞ്ചൽ ഇടവകയിൽ ഇടവക വികാരിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം.

“നിലവിൽ രാജ്യം ഭരിക്കുന്ന സായുധസംഘങ്ങൾ കത്തോലിക്കാ സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെ വ്യാപകമായ ആക്രമണം നടത്തുകയാണ്. ‘അഭൂതപൂർവമായ’ അക്രമം ഹെയ്തിയിലുടനീളം വ്യാപിക്കുകയാണ്. ഈ സാഹചര്യം അരക്ഷിതാവസ്ഥ, ഭയം, വിശപ്പ്, നിരാശ എന്നിവ സൃഷ്ടിക്കുന്നു; അത് പോരാ എന്ന മട്ടിൽ കോളറയും ആളുകളെ വലയ്ക്കുന്നു. പ്രധാനമായും കുട്ടികളെയാണ് കോളറ പിടികൂടുന്നത്” – ഹെയ്തിയിലെ മറ്റൊരു വൈദികൻ അന്റോണിയോ മെനെഗോൺ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.