
നൈജീരിയയിലെ ഔച്ചി കത്തോലിക്കാ രൂപതയിലെ ഇടവക റെക്ടറിയിൽ നിന്ന് ഫാ. ഫിലിപ്പ് എക്‌വേലിയെയും ഒരു വൈദികാർഥിയെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. “എഡോ സ്റ്റേറ്റിലെ എറ്റ്‌സാക്കോ ഈസ്റ്റ് എൽ ജി എ യിലെ ഇവിയുഖുവ-അജെനെബോഡിലുള്ള സെന്റ് പീറ്റർ കത്തോലിക്കാ പള്ളിയിലെ വൈദികരുടെ റെക്ടറിയും പള്ളിയും തോക്കുധാരികൾ ആക്രമിച്ചു” – മാർച്ച് നാലിന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ നൈജീരിയൻ രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. പീറ്റർ എഗിലെവ പറയുന്നു.
“റെക്ടറിയിലെയും പള്ളിയിലെയും വാതിലുകളും ജനലുകളും അക്രമികൾ വെടിവച്ച് തകർത്തു. തുടർന്ന് ഫാ. ഫിലിപ്പ് എക്‌വേലിയെയും മേജർ സെമിനാരി വിദ്യാർഥിയെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമികൾ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് അവരെ വനത്തിലേക്ക് കൊണ്ടുപോയത്” – ഫാ. എഗിലെവ വിവരിക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുമായി ഇതുവരെ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഫാ. എഗിലെവ പറയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവർ പരിക്കേൽക്കാതെ മോചിതരാകുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
2003 ഫെബ്രുവരി 22-ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഔച്ചി കത്തോലിക്കാ രൂപത, അതിന്റെ ഉദ്ഘാടനത്തിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, ഈ രൂപതയിലെ എട്ടിലധികം വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2022-ൽ ഒരാൾ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തെന്നു ഫാ. എഗിലെവ കൂട്ടിച്ചേർത്തു.




