മാർപാപ്പയുടെ സന്ദർശനം ഉക്രൈനിലെ സമാധാനശ്രമങ്ങൾക്ക് വൻ കരുത്തേകും: വത്തിക്കാനിലെ ഉക്രൈൻ അംബാസഡർ

മാർപാപ്പയുടെ ഉക്രൈൻ സന്ദർശനം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ കരുത്തും പ്രചോദനവും പകരുമെന്ന് വത്തിക്കാനിലെ ഉക്രൈൻ അംബാസഡർ ആൻഡ്രി യുറാഷ് (Andrii Yurash). റഷ്യൻ അധിനിവേശവും യുദ്ധവും മൂലം കടുത്ത ദുരിതം അനുഭവിക്കുന്ന ഉക്രേനിയൻ ജനതയ്ക്ക് മാർപാപ്പയുടെ സാന്നിധ്യം വലിയ പ്രത്യാശയും പിന്തുണയുമാണ് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചകളിലും നയതന്ത്ര ചർച്ചകളിലും ഉക്രൈൻ സന്ദർശനത്തിനായുള്ള ക്ഷണം ആവർത്തിക്കാറുണ്ടെന്ന് ആൻഡ്രി യുറാഷ് പറഞ്ഞു. ഏതു സമയത്ത് മാർപാപ്പ ഉക്രൈനിലെത്തിയാലും അത് രാജ്യത്തിന് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, പാശ്ചാത്യ സമൂഹവും കത്തോലിക്കാ സഭയും തങ്ങളോടൊപ്പം നിൽക്കുന്നു എന്നതിന്റെ ശക്തമായ സന്ദേശമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും സർക്കാരും വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരും മാർപാപ്പയെ ഉക്രൈനിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനുമുള്ള നയതന്ത്ര ചർച്ചകൾക്ക് വത്തിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന നിലപാടിനെ ഉക്രൈൻ സ്വാഗതം ചെയ്തിട്ടുണ്ട്. മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം എത്രയും വേഗം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉക്രേനിയൻ ജനതയും ഭരണകൂടവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.