പ്രസിഡന്റിന്റെ കാലാവധി നീട്ടാൻ ഭരണഘടനാ ഭേദഗതിയുമായി നിക്കരാഗ്വൻ പാർലമെന്റ്

പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് ഏഴ് വർഷമായി നീട്ടുന്നതിനും, തിരഞ്ഞെടുക്കപ്പെടാനുള്ള കൂടുതൽ സാധ്യതകൾ നൽകുന്നതിനുമായി നിക്കരാഗ്വയുടെ നാഷണൽ അസംബ്ലിയിൽ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു. പാർലമെന്റ് സ്പീക്കർ ഗുസ്താവോ പോറസ് ആണ് സഭയിൽ ഈ നിർദേശം വായിച്ചുകേൾപ്പിച്ചത്.

രാജ്യത്തിന്റെ അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ കാഴ്ചപ്പാടിന്റെ സ്ഥിരത, കാര്യക്ഷമമായ പ്രവർത്തനം, തുടർച്ച എന്നിവ ഉറപ്പാക്കാൻ പ്രസിഡന്റിന്റെ കാലാവധി നീട്ടുന്നത് സഹായിക്കുമെന്ന് ഭേദഗതിയുടെ കരട് രൂപത്തിൽ പറയുന്നു. ദേശീയ മാനവ വികസനത്തിനും ദാരിദ്ര്യ നിർമ്മാർജനത്തിനുമുള്ള പദ്ധതികൾ നിർണ്ണയിച്ചിട്ടുള്ള മുൻഗണനകൾക്കും സമയക്രമത്തിനും അനുസൃതമായി സർക്കാർ പ്രവർത്തിക്കേണ്ടതുണ്ടെന്നും പോറസ് സഭയിൽ പറഞ്ഞു. തിരഞ്ഞെടുപ്പുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ സൂചന നൽകിയ പ്രസ്താവന വന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അതേസമയം, സെപ്റ്റംബറിൽ പാർലമെന്റിന്റെ അംഗീകാരം ലഭിക്കുമെന്ന് ഒർട്ടേഗയുടെ ഭാര്യയും വൈസ് പ്രസിഡന്റുമായ റോസാരിയോ മുറില്ലോ അറിയിച്ചു.

എന്നാൽ, ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്ര സഭ കൂടാതെ, നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഇത് ജനാധിപത്യപരമായ വലിയൊരു തിരിച്ചടിയാണെന്നും വിഷയത്തിൽ കടുത്ത ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.