അസീസി സന്ദർശനത്തിന്റെയും ഓഗസ്റ്റിലെ തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ച് വത്തിക്കാൻ

ഓഗസ്റ്റ് ആറിന് (രൂപാന്തരീകരണ തിരുനാൾ ദിനത്തിൽ), ലെയോ പതിനാലാമൻ മാർപാപ്പ അസീസിയിൽ ഇടയസന്ദർശനം നടത്തും. അവിടെ നൂറുകണക്കിന് യുവാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, ദിവ്യബലി അർപ്പിക്കുകയും പ്രാദേശിക ഭരണാധികാരികളുമായും സഭാപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഓഗസ്റ്റ് മൂന്ന് മുതൽ ആറ് വരെ അസീസിയിൽ നടക്കുന്ന ‘ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗിൽ’ പങ്കെടുക്കുന്ന യുവാക്കളുമായി പാപ്പ കൂടിക്കാഴ്ച നടത്തും. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പുറപ്പെടുവിച്ച വിവരങ്ങളനുസരിച്ച്, ഓഗസ്റ്റ് ആറിന് രാവിലെ എട്ടുമണിക്ക് മാർപാപ്പ വത്തിക്കാനിൽ നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 8.30 ന് അസീസിയിൽ എത്തിച്ചേരും. അസീസി ആർച്ച്ബിഷപ്പ് ഫെലിസ് അക്രോക്കയും ഇറ്റാലിയൻ സിവിൽ അധികൃതരും ചേർന്ന് പാപ്പായെ സ്വീകരിക്കും.

തുടർന്ന്, സെന്റ് മേരി ഓഫ് ദി എഞ്ചൽസ് ബസിലിക്കയിലേക്കു പോകുന്ന പാപ്പ, ഫ്രാൻസിസ്കൻ ഓർഡറുകളിലെ മിനിസ്റ്റേഴ്സ് ജനറലുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം രാവിലെ 8.45 ന് സെന്റ് മേരി ഓഫ് ദി എഞ്ചൽസ് സ്ക്വയറിൽ വച്ച് യുവാക്കളെ കാണുകയും അവരുടെ മൂന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

തുടർന്ന്, രാവിലെ 9.15 ന് മിണ്ടാമഠത്തിൽ വച്ച് ഫ്രാൻസിസ്കൻ സഭയുടെ പ്രതിനിധികളെയും വി. ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷിക ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന ദേശീയകമ്മിറ്റി അംഗങ്ങളെയും മാർപാപ്പ അഭിവാദ്യം ചെയ്യും. തുടർന്ന്, രാവിലെ 10.30 ന് സെന്റ് മേരി ഓഫ് ദി എഞ്ചൽസ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പ ദിവ്യബലി അർപ്പിക്കും. ചടങ്ങിന്റെ ഒടുവിൽ, ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ട് ഒരു യുവാവ് സംസാരിക്കും.

ഉച്ചയ്ക്ക് 12.15 ഓടെ അസീസിയിൽ നിന്ന് തിരിക്കുന്ന മാർപാപ്പയുടെ ഹെലികോപ്റ്റർ 12.45 ന് വത്തിക്കാനിൽ തിരിച്ചെത്തും.

യൂറോപ്പിലുടനീളമുള്ള 18 നും 33 നുമിടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവാക്കളെ ലക്ഷ്യമിട്ട് അസീസിയിൽ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ‘ഗോ ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്.’ ഇതിന്റെ ഭാഗമായി വർക്ക്‌ഷോപ്പുകൾ, പ്രാർഥനകൾ, സംഗീതമത്സരം എന്നിവ ഉണ്ടാകും. 2026 എന്നത് വി. ഫ്രാൻസിസിന്റെ ചരമവാർഷികത്തിന്റെ എണ്ണൂറാം വർഷമാണ്. ഈ ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി വർഷം മുഴുവൻ അസീസിയിൽ നിരവധി പരിപാടികളും തിരുക്കർമ്മങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റിലെ മാർപാപ്പയുടെ മറ്റ് പരിപാടികൾ

ഓഗസ്റ്റ് മാസത്തിലെ മാർപാപ്പയുടെ വിവിധ തിരുക്കർമ്മങ്ങളുടെ വിവരങ്ങളും വത്തിക്കാൻ പുറത്തുവിട്ടിട്ടുണ്ട്.

അസീസി സന്ദർശനത്തിനു പുറമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്തു മണിക്ക് കാസിൽ ഗാൻഡോൾഫോയിലെ സെന്റ് തോമസ് ഓഫ് വില്ലാനോവ ഇടവകയിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും.

ഓഗസ്റ്റ് 22 ശനിയാഴ്ച, ‘മീറ്റിംഗ് ഫോർ ഫ്രണ്ട്ഷിപ്പ് എമംഗ് പീപ്പിൾസ്’ എന്ന പരിപാടിയുടെ 47-ാമത് മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി മാർപാപ്പ മധ്യ ഇറ്റാലിയൻ നഗരമായ റിമിനിയിലേക്ക് ഇടയസന്ദർശനം നടത്തും. വൈകുന്നേരം 6.30 ന് നഗരത്തിലെ തുറമുഖത്ത് വച്ച് പാപ്പ ദിവ്യബലി അർപ്പിക്കും.

തുടർന്ന്, ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് കാസിൽ ഗാൻഡോൾഫോയിലെ ‘ഔർ ലേഡി ഓഫ് ദി ലേക്ക്’ (Church of Our Lady of the Lake) പള്ളിയിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കുകയും പ്രദക്ഷിണത്തിന് നേതൃത്വം നൽകുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.