നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: 30 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ കടുന സംസ്ഥാനത്തെ നരിഡോൺ (Naridon) ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ 30 ക്രൈസ്തവരെ കൊലപ്പെടുത്തിയതിനെ തുടർന്ന് അടിയന്തര സുരക്ഷാ ഇടപെടലിന് ആവശ്യപ്പെട്ട് കൗറു ലോക്കൽ ഗവൺമെന്റ് ലെജിസ്ലേറ്റീവ് കൗൺസിൽ വക്താവും ദക്ഷിണ കടുനയിലെ കാമാരു വാർഡ് കൗൺസിലറുമായ റൈറ്റ് ഓണറബിൾ സ്റ്റീഫൻ ഹജാര രംഗത്തെത്തി. “എല്ലാ മാസവും ഞങ്ങൾ ഞങ്ങളുടെ ആളുകളെ അടക്കം ചെയ്യുകയാണ്. കഴിഞ്ഞ മാസം കുട്ടികൾ ഉൾപ്പെടെ 11 പേരെ ഞങ്ങൾ അടക്കം ചെയ്തു; ഇപ്പോൾ ഇതാ 30 പേരുടെ മറ്റൊരു കൂട്ടസംസ്കാരം കൂടി. ഇനി ഇത് സഹിക്കാനാവില്ല! ദയവായി ഞങ്ങളുടെ സഹായത്തിന് എത്തണം” ഹജാര, ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് (ICC) പറഞ്ഞു.

അതേസമയം കൊലപാതകങ്ങളെ ശക്തമായി അപലപിച്ച ഹജാര, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുരക്ഷാ ഏജൻസികളോട് അഭ്യർഥിച്ചു. കാമാരു വാർഡിലെ ഗ്രാമീണമേഖലകളിലും കൗറു ലോക്കൽ ഗവൺമെന്റിലെ ആക്രമണ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിനോടും കടുന സ്റ്റേറ്റ് ഗവർണർ ഉബ സാനിയോടും നേരിട്ട് ആവശ്യപ്പെട്ടു.

“ഈ കൊലപാതകങ്ങൾ തുടരുകയാണെങ്കിൽ, ഇവിടത്തെ ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കും. തീവ്രവാദികൾ ഈ പ്രദേശത്തുനിന്ന് ക്രൈസ്തവ സമൂഹത്തെ പൂർണ്ണമായി തുടച്ചുനീക്കുന്ന ഒരു ദിവസം വന്നേക്കാം” അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ കഴിയുന്ന ക്രൈസ്തവരുടെ എണ്ണത്തെയും ഈ കൊലപാതകങ്ങൾ കുറയ്ക്കുമെന്നും ഹജാര കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം ശക്തമാക്കാൻ നൈജീരിയൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ട ഹജാര, നൈജീരിയയിൽ തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും അന്താരാഷ്ട്ര ക്രിസ്ത്യൻ സമൂഹത്തോടും അഭ്യർഥിച്ചു.

ജൂലൈ 26 ഞായറാഴ്ച വൈകിട്ടോടെ നരിഡോണിൽ പ്രവേശിച്ച ആയുധധാരികൾ ജൂലൈ 27 തിങ്കളാഴ്ച പുലർച്ചെ വരെ ആക്രമണം തുടരുകയായിരുന്നു. അക്രമികൾ വീടുകൾക്കുള്ളിൽ ഉണ്ടായിരുന്നവർക്കു നേരെ വെടിയുതിർക്കുകയും, രക്ഷപെടാനായി ആളുകൾ അടുത്തുള്ള പാടങ്ങളിലേക്കും കാടുകളിലേക്കും ഓടുന്നതിനിടെ അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടതായും ഗ്രാമവാസികൾ പറഞ്ഞു. ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. നിരവധി ഗ്രാമവാസികൾക്ക് പരിക്കേറ്റു. അക്രമികൾ രക്ഷപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തിയത്.

അക്രമികൾ ഫുലാനി ഗോത്രവർഗ തീവ്രവാദികളാണെന്ന് ചില ഗ്രാമവാസികൾ സംശയം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, കൂടാതെ വാർത്ത പുറത്തുവരുന്ന സമയം വരെ നൈജീരിയൻ അധികൃതർ അക്രമികളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുമില്ല.

തിങ്കളാഴ്ചയോടെ വീടുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ചുറ്റുമുള്ള കാടുകളിൽ നിന്നും തെരച്ചിൽ സംഘങ്ങൾ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക സ്രോതസ്സുകൾ പറഞ്ഞു. നിരവധി ഗ്രാമവാസികളെ ഇനിയും കണ്ടെത്താനുള്ളതിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ആക്രമണത്തെ അപലപിച്ച ആംനസ്റ്റി ഇന്റർനാഷണൽ, കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ചില ഗ്രാമവാസികളെ അക്രമികൾ പിന്തുടർന്ന് ആക്രമിച്ചതായി അറിയിച്ചു. വീടുകളിലും സമീപത്തെ കൃഷിയിടങ്ങളിൽ നിന്നും തിരച്ചിൽ സംഘങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരുകയാണെന്നും കാണാതായ ബന്ധുക്കൾക്കായി കുടുംബങ്ങൾ തിരച്ചിൽ നടത്തുകയാണെന്നും സംഘടന വ്യക്തമാക്കി.

എന്നാൽ, നരിഡോണിൽ നിന്ന് അഞ്ച് മൈലിൽ താഴെ മാത്രം അകലെ ക്യാമ്പ് ചെയ്തിരുന്ന സൈനികർ ആക്രമണം നടക്കുമ്പോൾ ഇടപെടുന്നതിൽ പരാജയപ്പെട്ടതായി പ്രദേശവാസിയായ ഡാനിയൽ സൺഡേ ആരോപിച്ചു. തോക്കുധാരികൾ ഗ്രാമത്തിലൂടെ നീങ്ങുകയും വീടുകളിൽ കയറി ആളുകളെ കൊല്ലുകയും കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമവാസികൾ ഇരകളുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും തിങ്കളാഴ്ച സംസ്കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്തു. വീണ്ടും ആക്രമണമുണ്ടാകുമോ എന്ന് ഭയന്ന് രഹസ്യമാക്കിവെച്ചിരിക്കുന്ന വിവിധ മെഡിക്കൽ കേന്ദ്രങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.

കൊലപാതകങ്ങളെ അപലപിച്ച ഗവർണർ ഉബ സാനി, അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസവും മാനുഷിക സഹായവും നൽകാൻ കടുന സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

കടുന-പ്ലാറ്റോ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിന് പ്ലാറ്റോ സംസ്ഥാന സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും പരമ്പരാഗത നേതാക്കളുമായും മറ്റ് പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് കടുന സംസ്ഥാന സർക്കാർ അറിയിച്ചു. പ്ലാറ്റോ സംസ്ഥാനത്തെ റിയോം ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഗനാവൂരിക്ക് സമീപമാണ് നരിഡോൺ സ്ഥിതി ചെയ്യുന്നത്. അന്വേഷണത്തിനും നിലവിലെ സുരക്ഷാ നടപടികൾക്കും സഹായകമാകുന്ന വിശ്വസനീയമായ വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് നൽകാനും സർക്കാർ പ്രദേശവാസികളോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.