ആർ-1 വിസ പ്രതിസന്ധി: വിദേശ വൈദികരെ നിലനിർത്തുന്നതിൽ പ്രതിസന്ധി നേരിട്ട് യു.എസ് കത്തോലിക്കാ രൂപതകൾ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ കത്തോലിക്കാ രൂപതകളിൽ ശുശ്രൂഷ ചെയ്യുന്ന വിദേശ വൈദികരെ നിലനിർത്തുന്നതിൽ വിസ നയങ്ങളും യാത്രാ വിലക്കുകളും വലിയ തിരിച്ചടിയാകുന്നു. അലാസ്കയിലെ ഫെയർബാങ്ക്‌സ് രൂപത ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി രൂപതകളിലെ വിദേശ വൈദികരുടെ ആർ-1 (R-1 Religious Worker Visa) വിസ പുതുക്കി ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.

വൈദികരുടെ ക്ഷാമം നേരിടുന്ന യു.എസ് ഇടവകകളിൽ സേവനം അനുഷ്ഠിക്കുന്നതിൽ ഏറിയ പങ്കും നൈജീരിയ, സിംബാബ്‌വെ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൈദികരാണ്. പുതിയ ഇമിഗ്രേഷൻ നയങ്ങളുടെയും യാത്രാ വിലക്കുകളുടെയും പശ്ചാത്തലത്തിൽ, അഞ്ചു വർഷത്തെ സേവനത്തിന് ശേഷം വിസ പുതുക്കാനാകാതെ നിരവധി വൈദികർക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരുന്നു. വിശാലമായ അലാസ്ക മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന 26 വൈദികരിൽ 14 പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യാത്രാ വിലക്ക് ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ളവരായതിനാൽ ഇവരിൽ പകുതിയോളം വൈദികരുടെ വിസ പുതുക്കൽ പ്രതിസന്ധിയിലാണ് ഇപ്പോൾ.

അമേരിക്കൻ ഇടവകകളിൽ സുപ്രധാന പങ്കുവഹിക്കുന്ന നൈജീരിയൻ വൈദികരെയാണ് ഈ നയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ആർ-1 വിസ കാലാവധി അഞ്ചു വർഷമായി പരിമിതപ്പെടുത്തിയതും ഗ്രീൻ കാർഡ് (Permanent Residency) ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസവും ഇടവകകളുടെ പ്രവർത്തനങ്ങളെയും വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങളുടെ നടത്തിപ്പിനെയും ബാധിക്കുന്നു. ആർ-1 വിസ നടപടികൾ വേഗത്തിലാക്കാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സുരക്ഷാ പരിശോധനകളും യാത്രാ നിയന്ത്രണങ്ങളും കാരണം പ്രായോഗിക തലത്തിൽ വിദേശ വൈദികർക്ക് വിസ ലഭിക്കുന്നത് കഠിനമായി തുടരുകയാണെന്ന് വിവിധ രൂപതാ അധികൃതർ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.