‘ഈശോയ്‌ക്കൊപ്പം പാപ്പയുടെ സെൽഫി’: ചോസൺ ടീമും ലെയോ പാപ്പയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലെ സന്തോഷകരമായ ചില നിമിഷങ്ങൾ

2025 ജൂൺ 23 നാണ്, ‘ദി ചോസൺ’ എന്ന ഹിറ്റ് പരമ്പരയിലെ അഭിനേതാക്കൾ വത്തിക്കാൻ സന്ദർശിച്ചത്. ‘ദി സെയിം കോയിൻ’ എന്നു പേരിട്ടിരിക്കുന്ന സീസൺ അഞ്ചിലെ എപ്പിസോഡ് നാലിന്റെ ചിത്രീകരണത്തിനാണ് അവർ ഇറ്റലിയിലെത്തിയത്. അതോടൊപ്പം, വത്തിക്കാൻ സന്ദർശനത്തിനുമുമ്പ് ഇറ്റലിയിൽ ഈശോയുടെ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണവും അടുത്തിടെ പൂർത്തിയാക്കി.

പരമ്പരയിൽ ഈശോയുടെ വേഷം അഭിനയിക്കുന്ന ജോനാഥൻ റൂമിക്ക് നിരവധി ആരാധകരാണ് ലോകമെങ്ങുമുള്ളത്. അതേസമയം വത്തിക്കാൻ സന്ദർശനം ‘എളിമപ്പെടുത്തുന്ന ബഹുമതി’ ആണെന്ന് ജൂൺ 23 നു നടന്ന പത്രസമ്മേളനത്തിൽ കത്തോലിക്കനായ റൂമി പറഞ്ഞു. “നമ്മൾ ഇപ്പോൾ ഇവിടെ വത്തിക്കാനിൽ ഇരിക്കുന്നു എന്ന വസ്തുത കൂടുതൽ ആളുകളെ യേശുവിലേക്കു കൊണ്ടുവരാനും യേശുവിനെ അവരുടെ അടുക്കലേക്കു കൊണ്ടുപോകാനുമുള്ള ഈ ദൗത്യം ദൈവം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്” – അദ്ദേഹം പറഞ്ഞു.

ആദ്യത്തെ അമേരിക്കൻ പോപ്പിനെ കണ്ടുമുട്ടിയപ്പോൾ

“ലെയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ കരഞ്ഞു. കാരണം എന്റെ ജീവിതകാലത്ത് ഒരു അമേരിക്കൻ പോപ്പിനെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” – റൂമി പറഞ്ഞു. “ഈ ആഴ്ച ഞങ്ങളുടെ മാതൃഭാഷയിൽ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല” – അദ്ദേഹം തുടർന്നുപറഞ്ഞു.

ജൂൺ 25 ബുധനാഴ്ചത്തെ പൊതുസദസ്സിൽവച്ച് സംഘാംഗങ്ങൾ മാർപാപ്പയ്ക്ക് ഒരു സമ്മാനം നൽകിയിരുന്നു. ഒടുവിൽ പാപ്പയ്‌ക്കൊപ്പം ഒരു സെൽഫിയും എടുത്താണ് അവർ പിരിഞ്ഞത്. പിന്നീട് റൂമി ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വ്യത്യസ്തമായ കമന്റുകളായിരുന്നു ഈ ചിത്രത്തിനു ലഭിച്ചത്.

“പോപ്പും യേശുവും” ഒരുമിച്ചുണ്ട്. “പോപ്പും യേശുവും. അദ്ഭുതകരമാണ്,” “ഈശോയും പത്രോസും, പുനഃസമാഗമം,” “പോപ്പ് യേശുവിനോടൊപ്പം ഒരു സെൽഫി എടുക്കുകയാണ്…” തുടങ്ങിയ രസകരമായ കമെന്റുകൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.