പാപ്പായും കർദിനാൾമാരും മെത്രാന്മാരും എളിയ സേവകരാകാൻ വിളിക്കപ്പെട്ടവർ: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവർ, പ്രത്യേകിച്ച് പാപ്പായും കർദിനാൾമാരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് എളിയവരായ വേലക്കാരാകാനാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. നിര്യാതനായ തന്റെ മുൻഗാമി ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും മരണമടഞ്ഞ മറ്റു കർദിനാൾമാർ, മെത്രാന്മാർ എന്നിവർക്കുംവേണ്ടി അർപ്പിച്ച വിശുദ്ധ കുർബാനമധ്യേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

അനാഥനും വിധവയും ഏറ്റം എളിയവരിൽ എളിയവരാണ്. തങ്ങളുടെ സകല പ്രത്യാശയും കർത്താവിൽമാത്രം അർപ്പിക്കുന്നവർ, ജീവിതത്തിന്റെ കേന്ദ്രത്തിൽ ദൈവത്തെ പ്രതിഷ്ഠിക്കുന്നവർ. സ്വന്തം ശക്തിയിലല്ല; ദൈവത്തിലും ഒരിക്കലും തോൽക്കാത്ത അവിടുത്തെ സ്നേഹത്തിലും ആശ്രയിക്കുന്നവർ. ഇതാണ് ക്രിസ്തീയമായ എളിമ. അത് പല പുണ്യങ്ങളിൽ ഒന്നായല്ല, മറിച്ച് ദൈവത്തെ ആവശ്യമുണ്ടെന്നു വിശ്വസിക്കുന്ന അടിസ്ഥാന ജീവിതമനോഭാവമാണ് – പാപ്പാ ചൂണ്ടിക്കാട്ടി.

“ക്രൈസ്തവർ, പ്രത്യേകിച്ച് പാപ്പായും കർദിനാൾമാരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് എളിയവരായ വേലക്കാരാകാനാണ്. സേവകരാകാൻ; അല്ലാതെ സേവിക്കപ്പെടാനല്ല. കർത്താവിന്റെ സഭയ്ക്കായി സ്വയം ത്യജിക്കുന്നത് നല്ല കാര്യമാണ്. ദൈവത്തിന്റെ ദയയാർന്ന നോട്ടവും എളിമയാർന്ന ഹൃദയവും നമുക്ക് നൽകാനായി പ്രാർഥിക്കാം” – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.