
ഓഗസ്റ്റ് മാസം ‘നഗരങ്ങളിലെ സുവിശേഷവൽക്കരണം’ എന്ന നിയോഗത്തിനായി പ്രത്യേകം പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. പേപ്പൽ പ്രാർഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്പ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക് ഗ്രൂപ്പ്’ ആണ് പാപ്പയുടെ പ്രാർഥന നിയോഗം പ്രസിദ്ധീകരിച്ചത്.
വലിയ നഗരങ്ങളിൽ സുവിശേഷം പ്രഘോഷിക്കുന്നതിനും സഹോദര്യവും കൂട്ടായ്മയും വളർത്തുന്നതിനും പുതിയതും സർഗാത്മകവുമായ വഴികൾ കണ്ടെത്താൻ വിശ്വാസികൾ പ്രാർഥിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാൻ ന്യൂസ് പുറത്തുവിട്ട വിവരമനുസരിച്ച്, തിരക്കും ബഹളവും നിറഞ്ഞ നഗരജീവിതത്തിനിടയിൽ ജീവിതത്തിന് അർഥവും ആശ്വാസവും തേടുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും എത്തിക്കേണ്ടതിന്റെ പ്രാധാന്യം മാർപാപ്പ ഊന്നിപ്പറഞ്ഞു.
നഗരങ്ങളിലെ നിശബ്ദമായ ഒറ്റപ്പെടലുകളെ മറികടന്ന് ദൈവസ്നേഹം സാക്ഷ്യപ്പെടുത്താൻ സർഗാത്മകവും ധീരവുമായ മിഷനറിമാരായി മാറാൻ പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
പ്രാർഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്.’ 1884-ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929-ലാണ് പ്രാർഥനാ നിയോഗം കൂട്ടിച്ചേർത്ത് ഇവർ പ്രതിമാസ മധ്യസ്ഥ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.




