കേരളത്തിൽ മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് മരണം; ഒരാളെ കാണാതായി

സംസ്ഥാനത്ത് അതിശക്തമായി പെയ്യുന്ന മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തത്തിൽ രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും നിരവധി വീടുകൾ തകരുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. തൊടുപുഴയ്ക്ക് അടുത്ത് കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ സുമതി എന്ന സ്ത്രീയാണ് മരിച്ചത്. പത്തനംതിട്ട-കോട്ടയം അതിർത്തി പ്രദേശമായ പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ജോസഫ് എന്നയാളുടെ മൃതദേഹം മണ്ണിനടിയിൽ നിന്ന് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന അമ്മ റെജീനയെ കാണാതായിട്ടുണ്ട്. മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി.

വണ്ടിപ്പെരിയാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് മുതൽ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.