ദിവ്യകാരുണ്യ വിചാരങ്ങൾ 60: വിശുദ്ധ കുർബാന – ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നിചൂള

വി. അൽഫോൻസ് ലിഗോരിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ദിവ്യകാരുണ്യ ധ്യാനം

“ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കില്‍!”
(ലൂക്കാ 12:49).

മനുഷ്യഹൃദയങ്ങളെ ദൈവസ്നേഹത്തിന്റെ അഗ്നിയിൽ ജ്വലിപ്പിക്കുക എന്നതാണ് യേശുവിന്റെ ഹൃദയാഭിലാഷം. ആ സ്വർഗീയാഗ്നി ഏറ്റവും പൂർണ്ണമായി വെളിപ്പെടുന്നത് പരിശുദ്ധ ദിവ്യകാരുണ്യത്തിലാണ്. അൾത്താരയിൽ ക്രിസ്തു ഒരു പ്രതീകം മാത്രമല്ല നൽകുന്നത്; അവിടുന്ന് തന്റെതന്നെ യഥാർഥ സാന്നിധ്യമാണ് നമുക്ക് നൽകുന്നത്. ദിവ്യകാരുണ്യം ദൈവസ്നേഹത്തിന്റെ ജീവനുള്ള അഗ്നിയായി, നമ്മുടെ പാപങ്ങളെ ദഹിപ്പിക്കുകയും തണുത്തുപോയ ഹൃദയങ്ങളെ ചൂടുപിടിപ്പിക്കുകയും നമ്മെ ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ഈ മഹാരഹസ്യം ആഴത്തിൽ തിരിച്ചറിഞ്ഞ വി. അൽഫോൻസ് ലിഗോരി ഇപ്രകാരം പറയുന്നു: “പരിശുദ്ധ ദിവ്യകാരുണ്യത്തെപ്പോലെ ദൈവസ്നേഹത്താൽ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ഈ ലോകത്ത് മറ്റൊന്നിനും കഴിയില്ല. ഈ ദിവ്യ അപ്പം ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നിചൂളയാണ്.”

വി. അൽഫോൻസിന് ദിവ്യകാരുണ്യം കേവലം അനേകം ഭക്താനുഷ്ഠാനങ്ങളിൽ ഒന്നായിരുന്നില്ല; അത് അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന്റെ കേന്ദ്രം തന്നെയായിരുന്നു. മുപ്പതാം വയസ്സിൽ പൗരോഹിത്യം സ്വീകരിക്കുന്നതിനു മുമ്പ് അദ്ദേഹം പ്രശസ്തനായ അഭിഭാഷകനായിരുന്നു. എന്നാൽ, ലോകത്തിലെ എല്ലാ വിജയങ്ങളും മനുഷ്യഹൃദയത്തിന്റെ ആഴമേറിയ ദാഹം ശമിപ്പിക്കില്ലെന്ന് അൽഫോൻസ് തിരിച്ചറിഞ്ഞു. നമ്മുടെ വീണ്ടെടുപ്പുകാരനും പരമനന്മയുമായ യേശുക്രിസ്തുവിനു മാത്രമേ മനുഷ്യഹൃദയത്തെ പൂർണ്ണമായി സംതൃപ്തിപ്പെടുത്താൻ കഴിയൂ.

“ആത്മാവിന്റെ എല്ലാ വിശുദ്ധിയും പരിപൂർണ്ണതയും നമ്മുടെ ദൈവമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തിലാണ് നിലകൊള്ളുന്നത്” എന്നാണ് ലിഗോരി പുണ്യവാൻ പ്രഖ്യാപിച്ചത്. ആ സ്നേഹം ജനിക്കുന്നതും വളരുന്നതും പൂർണ്ണത പ്രാപിക്കുന്നതും ദിവ്യകാരുണ്യത്തിലാണ്. ഓരോ വിശുദ്ധ കുർബാനയും അനന്തസ്നേഹത്തോടെ ജ്വലിക്കുന്ന ക്രിസ്തുഹൃദയത്തിലേക്കുള്ള ക്ഷണമാണ്. ഓരോ വിശുദ്ധ കുർബാന സ്വീകരണവും നമ്മുടെ ഉള്ളിനെ മാറ്റിമറിക്കുന്ന ക്രിസ്തുവുമായുള്ള വ്യക്തിപരമായ സംഗമമാണ്. ദിവ്യകാരുണ്യ സന്നിധിയിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ദൈവസ്നേഹത്തിന്റെ അഗ്നി നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും അവിടുത്തെ കരുണയുടെ ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.

ഈ സത്യം ജീവിച്ചുകാണിച്ച വി. ലിഗോരി ഇങ്ങനെ പറയുമായിരുന്നു: “ഞാൻ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ആദ്യം എന്റെ സ്വന്തം ആത്മാവിനെയും തുടർന്ന് എണ്ണമറ്റ മറ്റ് ആത്മാക്കളെയും അവിടുത്തേക്ക് നേടാനുള്ള തീക്ഷ്ണമായ ആഗ്രഹത്തിൽ ഞാൻ ജ്വലിക്കുന്നത്.”

ദിവ്യകാരുണ്യത്തിന്റെ അഗ്നിയിൽ ജ്വലിക്കുന്ന ഒരു ഹൃദയത്തിന് നിശ്ശബ്ദനായിരിക്കാൻ കഴിയില്ല. അത് സ്വാഭാവികമായി സാക്ഷ്യം വഹിക്കും, സ്നേഹം ദൗത്യമായി മാറും, വിശുദ്ധി സുവിശേഷപ്രഘോഷണമായി വിരിയും. ദിവ്യകാരുണ്യത്തിലുള്ള ക്രിസ്തുവിനെ യഥാർഥത്തിൽ ആരാധിക്കുന്നവർ ക്രിസ്തുവിന്റെ കാരുണ്യവും വിനയവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും സ്വജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ തുടങ്ങും.

ഒരിക്കൽ വി. അൽഫോൻസിന്റെ പ്രസംഗം കേട്ട ഒരാൾ ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ പ്രസംഗം കേൾക്കുന്നത് അതിയായ ആനന്ദമാണ്. കാരണം, അങ്ങ് സ്വയം മറന്ന് യേശുക്രിസ്തുവിനെ മാത്രമാണ് പ്രസംഗിക്കുന്നത്.”

എത്ര മനോഹരമായ സാക്ഷ്യം! ദിവ്യകാരുണ്യം നമ്മെ സ്വയം മറക്കാൻ പഠിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിൽ ക്രിസ്തു മാത്രമേ പ്രകാശിക്കൂ. ദിവ്യകാരുണ്യ സന്നിധിയിൽ കൂടുതൽ സമയം ചെലവഴിക്കുന്തോറും നമ്മുടെ മഹത്വമല്ല ക്രിസ്തുവിന്റെ മഹത്വമാണ് നാം അന്വേഷിക്കുക. അപ്പോൾ കൂടുതൽ ഹൃദയങ്ങൾ അവിടുത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യണമെന്ന ആഗ്രഹം നമ്മിൽ ജ്വലിക്കും.

എന്റെ ജീവിതത്തിന്റെ കേന്ദ്രം ദിവ്യകാരുണ്യമാണോ? വിശ്വാസത്തോടും ഭക്തിയോടും സ്നേഹത്തോടും കൂടിയാണോ ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കുന്നത്. പരിശുദ്ധ ദിവ്യകാരുണ്യ സന്നിധിയിൽ നിശ്ശബ്ദ ആരാധനയ്ക്കായി ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സ്നേഹാഗ്നി, മറ്റുള്ളവർക്ക് പ്രകാശമേകുന്ന വിളക്കായി എന്റെ ഹൃദയത്തെ മാറ്റിയിട്ടുണ്ടോ?

നമുക്കും വി. അൽഫോൻസ് ലിഗോരിയുടെ മാധ്യസ്ഥ്യം തേടാം, പരിശുദ്ധ ദിവ്യകാരുണ്യം ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നിചൂളയാണെന്ന് നമുക്ക് തിരിച്ചറിയാം. അവിടെ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുന്നു, ജീവിതങ്ങൾ രൂപാന്തരപ്പെടുന്നു, വിശുദ്ധന്മാർ ജനിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.