ബഹ്റൈൻ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

മുസ്ലീം ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിലേക്ക് നവംബർ മൂന്നു മുതൽ ആറു വരെ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബർ 15-ന് കസാക്കിസ്ഥാനിൽ നിന്ന് മടങ്ങുന്ന വേളയിൽ വിമാനത്തിൽ വച്ച് മാർപാപ്പയുടെ യാത്രാസാധ്യതയെക്കുറിച്ച് പരാമർശിക്കപ്പെട്ടിരുന്നു. “ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യസഹവർത്തിത്വത്തിനായി” എന്ന പരിപാടിക്കായി ഫ്രാൻസിസ് മാർപാപ്പ അവാലിയിലും തലസ്ഥാന നഗരിയായ മനാമയിലും സന്ദർശനം നടത്തുമെന്ന് ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി സെപ്റ്റംബർ 28-ന് സ്ഥിരീകരിച്ചു.

സൗദി അറേബ്യയുടെ കിഴക്കും ഖത്തറിന് പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ബഹ്‌റൈനിൽ 1.7 ദശലക്ഷം ജനസംഖ്യയുണ്ട്. ജനസംഖ്യയിൽ ഏകദേശം 70 % മുസ്ലീങ്ങളാണ്. ഭൂരിപക്ഷവും രാജ്യത്തിന്റെ സംസ്ഥാന മതമായ ഇസ്ലാമിന്റെ ഷിയ വിഭാഗത്തിൽപെട്ടവരാണ്. ഇവിടെ ക്രൈസ്തവർ ഏകദേശം 2,10,000-ഓളം ആളുകൾ. അതായത് ആകെ ജനസംഖ്യയുടെ 14 % വരും. ഹിന്ദുക്കൾ 10 % മാത്രമാണ് ഇവിടെയുള്ളത്. ബഹ്‌റൈനിൽ ഏകദേശം 80,000 കത്തോലിക്കർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവരിൽ ഭൂരിഭാഗവും ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.

മനാമയിൽ നിന്ന് ഏകദേശം 12 മൈൽ അകലെയുള്ള ഒരു ചെറിയ മുനിസിപ്പാലിറ്റിയായ അവാലിയിലാണ് 2021 ഡിസംബർ 10-ന് കൂദാശ ചെയ്യപ്പെട്ട ‘ഔവർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ സ്ഥിതിചെയ്യുന്നത്. അവിടെയും പാപ്പാ സന്ദർശനം നടത്തും. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് രാജ്യം സന്ദർശിച്ച മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2019 ഫെബ്രുവരി 3 മുതൽ 5 വരെ തീയതികളില്‍ പാപ്പ യു‌എ‌ഇ സന്ദര്‍ശിച്ചിരുന്നു.

കൂടുതൽ വിശദാംശങ്ങളും മുഴുവൻ യാത്രാ ഷെഡ്യൂളും പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.