നാം യേശുവിനോടുകൂടെയാണെങ്കിൽ ഭയപ്പെടേണ്ടതില്ല: ഫ്രാൻസിസ് പാപ്പാ

യേശു നമ്മുടെ കുരിശുകളെ പുനരുത്ഥാനമായി രൂപാന്തരപ്പെടുത്തുമെന്ന് മാർപ്പാപ്പാ. ശനിയാഴ്‌ച ‘ഉയിർപ്പുകാലം’ എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ നാം യേശുവിനോടുകൂടെ ആയിരിക്കണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ ഉറപ്പേകിയിരിക്കുന്നത്.

“യേശു നമ്മെ അറിയുന്നു, നമ്മെ സ്നേഹിക്കുന്നു; നാം അവനിൽ നിലനിൽക്കുമെങ്കിൽ, ഭയപ്പെടേണ്ടതില്ല, കാരണം നമ്മെ സംബന്ധിച്ചും ഓരോ കുരിശും പുനരുത്ഥാനമായും എല്ലാ സങ്കടങ്ങളും പ്രത്യാശയായും ഓരോ വിലാപവും നൃത്തമായും രൂപാന്തരപ്പെടും” പാപ്പാ കുറിച്ചു.

വിവിധഭാഷകളിലായി അഞ്ചു കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങൾ, സാധാരണ, അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒൻപത് ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.