ക്രൈസ്തവർ ശത്രുക്കളോട് ക്ഷമിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

കുരിശിൽ ക്രിസ്തു ക്ഷമിച്ചതു പോലെ ക്രൈസ്തവരും തങ്ങളുടെ ശത്രുക്കളോട് ക്ഷമിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഓശാന ദിനമായ ഏപ്രിൽ പത്തിന് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യുദ്ധത്തിലേർപ്പെടുമ്പോൾ നമ്മൾ ദൈവത്തെ അറിയാത്തവരാകുന്നു. ഭർത്താക്കന്മാരുടെയും മക്കളുടെയും മരണത്തിൽ വിലപിക്കുന്നവരിൽ ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുകയാണ്. കൈക്കുഞ്ഞുങ്ങളുമായി യുദ്ധസ്ഥലത്തു നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളിലും ഒറ്റപ്പെടുന്ന പ്രായമായവരിലും അവൻ വീണ്ടും ക്രൂശിക്കപ്പെടുകയാണ്. പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പറഞ്ഞ വാക്കുകൾ പലരും ശ്രവിച്ചുവെങ്കിലും അതിനോട് പ്രതികരിച്ചത് ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ഒരു കള്ളൻ മാത്രമാണ്” – പാപ്പാ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് കുരുത്തോലകൾ വഹിച്ചുകൊണ്ടുള്ള  ഘോഷയാത്രയോടെയാണ് മാർപാപ്പയുടെ ഓശാന ദിനത്തിലെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. ഡീക്കന്മാർ, വൈദികർ, ബിഷപ്പുമാർ, കർദ്ദിനാൾമാർ, അത്മായർ എന്നിവർ പാപ്പാ കാർമ്മികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.